വേനൽ മഴയിൽ ആലിപ്പഴം വീഴുന്നത് സാധാരണമാണെങ്കിലും, തെളിഞ്ഞ ആകാശത്ത് നിന്ന് കൂറ്റൻ ഐസ് കട്ട പതിക്കുന്നത് കൗതുകകരമായ അപൂർവ സംഭവമാണ്. ഇത്തരത്തിൽ ഒരു അസാധാരണ കാഴ്ചക്കാണ് കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ കാളികാവ് സാക്ഷ്യം വഹിച്ചത്. കാളികാവ് മമ്പാട്ടുമൂലയിൽ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ആകാശത്ത് നിന്ന് വലിയൊരു ഐസ് കട്ട ഒരു വീടിന്റെ മുകളിൽ വന്ന് വീണത്. ഈ സംഭവം നാട്ടുകാരിൽ അമ്പരപ്പും ആകാംഷയും ഉണ്ടാക്കി.
കാളികാവ് മമ്പാട്ടുമൂലയിലെ ഓട്ടോ ഡ്രൈവറായ കൊമ്പൻ ഉമ്മറിന്റെ വീടിന് മുകളിലേക്കാണ് ഏകദേശം 50 കിലോയോളം തൂക്കം വരുന്ന കൂറ്റൻ ഐസ് കട്ട പതിച്ചത്. വലിയ ആഘാതത്തിൽ ഐസ് കട്ട ചിന്നിച്ചിതറി. ജനക്കൂട്ടത്തിനിടയിലേക്കോ വാഹനങ്ങൾക്ക് മുകളിലേക്കോ ആയിരുന്നെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു. വലിയ ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് വന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാർ ഓടിക്കൂടുകയും ചെയ്തു. വീട്ടുകാർ അപകടമില്ലാതെ രക്ഷപ്പെട്ടത് വലിയ ആശ്വാസമായി.
ആദ്യം വീടിന് ഇടിമിന്നലേറ്റതാണോ എന്ന് വീട്ടുകാർ സംശയിച്ചു. എന്നാൽ, മേൽക്കൂരയിൽ നിന്ന് ഐസ് പാളികളുടെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചതോടെയാണ് വീടിന് മുകളിൽ വീണത് കൂറ്റൻ ഐസ് കട്ടയാണെന്ന് വ്യക്തമായത്. കോൺക്രീറ്റ് വീടിന് ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
