നീണ്ട കാത്തിരിപ്പിനൊടുവിൽ, തേർഡ്-പാർട്ടി ചാറ്റ് ആപ്പുകളെ പിന്തുണയ്ക്കുന്ന ‘ക്രോസ് മെസേജിംഗ് ഫീച്ചർ’ വാട്ട്‌സ്ആപ്പിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ. ഈ പുതിയ ഫീച്ചർ വഴി, ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പിൽ നിന്ന് മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് മെസേജുകൾ, വീഡിയോകൾ, ഓഡിയോകൾ, ഡോക്യുമെന്റുകൾ എന്നിവ നേരിട്ട് അയക്കാനും സ്വീകരിക്കാനും സാധിക്കും. യൂറോപ്പിലാണ് ഈ ഫീച്ചർ ആദ്യമായി അവതരിപ്പിക്കുന്നത്, എന്നാൽ പിന്നീട് മറ്റ് രാജ്യങ്ങളിലും ഇത് ലഭ്യമായേക്കാം. നിലവിൽ, വാട്ട്‌സ്ആപ്പിന്റെ ആൻഡ്രോയിഡ് 2.25.33.8 ബീറ്റ വേർഷനിൽ ഈ ഫീച്ചർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മറ്റ് ഇൻസ്റ്റന്റ് ചാറ്റ് ആപ്പുകളേക്കാൾ വാട്ട്‌സ്ആപ്പിന് വലിയ മുൻതൂക്കം നൽകുന്ന ഒരു സുപ്രധാന മാറ്റമാണിത്.
യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മാർക്കറ്റ്‌സ് ആക്ട് നിയമം അനുസരിച്ചാണ് വാട്ട്‌സ്ആപ്പ് തേർഡ്-പാർട്ടി ചാറ്റ് ആപ്പുകളെ പിന്തുണയ്ക്കുന്ന ക്രോസ് മെസേജിംഗ് ഫീച്ചർ അവതരിപ്പിക്കുന്നത്. വിപണിയിൽ ന്യായമായ മത്സരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി, ടെക് ഭീമന്മാർ തങ്ങളുടെ സേവനങ്ങൾ മൂന്നാം കക്ഷികൾക്കായി തുറന്നുകൊടുക്കാൻ DMA നിയമം നിർബന്ധിക്കുന്നു. മെറ്റ അടക്കമുള്ള കമ്പനികൾക്ക് യൂറോപ്പിൽ പ്രവർത്തനം തുടരണമെങ്കിൽ ഈ മാറ്റങ്ങൾ അനിവാര്യമാണ്. വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റുകൾ നിരീക്ഷിക്കുന്ന വാബീറ്റ ഇൻഫോ ആണ് ഈ ഫീച്ചർ വരുന്ന കാര്യം സ്ഥിരീകരിച്ചത്. നിലവിൽ, ആൻഡ്രോയിഡ് 2.25.33.8 ബീറ്റ അപ്‌ഡേറ്റ് ലഭിച്ച ഉപഭോക്താക്കൾക്ക് മറ്റ് പ്ലാറ്റ്‌ഫോമുകളിലുള്ളവരുമായി വാട്ട്‌സ്ആപ്പ് വഴി സന്ദേശങ്ങൾ കൈമാറാൻ സാധിക്കും. സെറ്റിംഗ്‌സ് > അക്കൗണ്ട് തേർഡ് പാർട്ടി ചാറ്റ്‌സ് എന്ന ഓപ്ഷൻ വഴിയാണ് ഈ പുതിയ സൗകര്യം ഉപയോഗിക്കേണ്ടത്.
വാട്ട്‌സ്ആപ്പിലെ പുതിയ ‘തേർഡ്-പാർട്ടി ചാറ്റ്‌സ്’ ഫീച്ചർ വഴി നിലവിലെ ചാറ്റുകളിലേതിന് സമാനമായി മെസേജുകൾ, ഫോട്ടോകൾ, വീഡിയോകൾ, വോയിസ് സന്ദേശങ്ങൾ, ഡോക്യുമെന്റുകൾ എന്നിവ അയക്കാനും സ്വീകരിക്കാനും ഉപയോക്താക്കൾക്ക് സാധിക്കും. തേർഡ്-പാർട്ടി ആപ്പുകളിൽ നിന്നുള്ള സന്ദേശങ്ങൾ സ്വീകരിക്കുന്നതിനായി വാട്ട്‌സ്ആപ്പിൽ ഒരു പ്രത്യേക ഇൻബോക്സ് ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ, മറ്റ് ചാറ്റ് ആപ്പുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ, ഇൻ-ആപ്പ് അലേർട്ടുകൾ, മീഡിയ അപ്‌ലോഡ് ക്വാളിറ്റി സജ്ജീകരിക്കുന്നതിനുള്ള സംവിധാനം എന്നിവയും മെറ്റ ഒരുക്കിയേക്കും. ഏതൊക്കെ തേർഡ്-പാർട്ടി ആപ്പുകൾക്ക് ഈ ഫീച്ചർ വഴി വാട്ട്‌സ്ആപ്പുമായി സംവദിക്കാൻ സാധിക്കുമെന്നതിൽ വ്യക്തതയില്ലെങ്കിലും, വാട്ട്‌സ്ആപ്പിന്റെ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ അവർ പാലിക്കേണ്ടതുണ്ട്. എല്ലാത്തരം ചാറ്റുകൾക്കും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉറപ്പാക്കണം എന്നതാണ് തേർഡ്-പാർട്ടി ആപ്ലിക്കേഷനുകൾക്ക് മെറ്റ നൽകുന്ന പ്രധാന നിർദ്ദേശം.
