ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക നേടിയ അവിശ്വസനീയ വിജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കൻ സ്പിന്നർ സൈമൺ ഹാർമർ. രണ്ടാം ദിവസം കളി നിർത്തുമ്പോൾ, ഏഴിന് 93 റൺസെന്ന പരിതാപകരമായ നിലയിലായിരുന്ന ടീമിന്, മൂന്നാം ദിവസം ഒരു മികച്ച കൂട്ടുകെട്ട് ലഭിച്ചാൽ കളി തിരിച്ചുപിടിക്കാമെന്നായിരുന്നു ടീമിന്റെ ചിന്തയെന്ന് ഹാർമർ ടോക്സ്പോർട്ക്രിക്കറ്റിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
“രണ്ടാം ദിവസം അവസാനിച്ചപ്പോൾ മത്സരം തീർന്നുവെന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ വിധിയെഴുതിയത്. എന്നാൽ ഒരു കൂട്ടുകെട്ട് ഉണ്ടായാൽ മത്സരഫലം മാറ്റാൻ കഴിയുമായിരുന്നു. ടീം ക്യാപ്റ്റൻ ടെംബ ബവുമ ആ ദൗത്യം നന്നായി ചെയ്തുതന്നു,” ഹാർമർ പറഞ്ഞു.
ബവുമയുടെ നിർണായക അർധ സെഞ്ച്വറിയുടെ മികവിൽ ദക്ഷിണാഫ്രിക്കൻ സ്കോർ 150-ലേക്ക് കടന്നു. പിന്നീട്, ബൗളിങ്ങിനിറങ്ങിയ മാർകോ ജാൻസൺ ഇന്ത്യയുടെ രണ്ട് വിക്കറ്റുകൾ തുടക്കത്തിൽ തന്നെ വീഴ്ത്തി. ശുഭ്മാൻ ഗിൽ പരിക്കിനെ തുടർന്ന് കളിക്കില്ല എന്ന സാഹചര്യം കൂടി വന്നതോടെ ഇന്ത്യൻ സ്കോർ ഒരൊറ്റ റൺസിൽ മൂന്ന് വിക്കറ്റ് എന്ന പരിതാപകരമായ നിലയിലായി. ഇതോടെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് മത്സരത്തിൽ വിജയസാധ്യത ഉണ്ടായതെന്നും ഹാർമർ കൂട്ടിച്ചേർത്തു. കൃത്യമായ ടീം പരിശ്രമമാണ് വിജയത്തിലേക്കെത്തിയെതെന്നും അദ്ദേഹം വ്യക്തമാക്കി.
ബൗളർമാരെ അമിതമായി പിന്തുണച്ച ഈഡൻ ഗാർഡൻസിലെ പിച്ചിൽ വെറും മൂന്ന് ദിവസം മാത്രമാണ് ടെസ്റ്റ് മത്സരം നീണ്ടുനിന്നത്. ഒന്നാം ടെസ്റ്റിൽ 30 റൺസിന്റെ തോൽവിയാണ് ഇന്ത്യ നേരിട്ടത്. ഇനി രണ്ടാം ടെസ്റ്റ് വിജയിക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും. നവംബർ 22 മുതൽ ഗുവാഹത്തിയിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് തുടക്കമാകുക.
