Home » Top News » Kerala » മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ആരംഭം; ശബരിമല നട തുറന്നു
SABARIMALA-1-680x450

പുണ്യ പുരാണമായ മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല ധർമ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകിട്ട് തുറന്നു. വൈകിട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിയിച്ചത്. ഇതോടെ, വ്രതാനുഷ്ഠാനത്തിൻ്റെ പവിത്രമായ ദിനങ്ങൾക്ക് തുടക്കമായി.

നട തുറന്ന ശേഷം, മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലിൽനിന്നുള്ള ദീപംകൊണ്ട് ഭക്തർക്ക് മുന്നിൽ ആഴി ജ്വലിപ്പിച്ചു. തുടർന്ന്, ഇരുമുടിക്കെട്ടേന്തി കാത്തുനിന്ന നിയുക്ത മേൽശാന്തിമാരെ അദ്ദേഹം കൈപിടിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. ഭക്തിനിർഭരമായ ചടങ്ങുകളോടെ വൈകിട്ട് 6.30 ഓടെ സോപാനത്ത് വെച്ച് നിയുക്ത ശബരിമല മേൽശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകംചെയ്‌ത്‌ അവരോധിച്ചു. മാളികപ്പുറം ക്ഷേത്രനടയിൽ നിയുക്ത മേൽശാന്തി മനു നമ്പൂതിരിയുടെ അവരോധിക്കൽ ചടങ്ങും ഇന്നു നടന്നു. ഇന്ന് ക്ഷേത്രത്തിൽ പ്രത്യേക പൂജകളൊന്നും ഉണ്ടായിരിക്കുകയില്ല.

വ്രൃശ്ചികപ്പുലരിയായ തിങ്കളാഴ്ച പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെയാണ് ഈ വർഷത്തെ തീർഥാടനത്തിന് ഔദ്യോഗികമായി തുടക്കമാകുന്നത്. ദിവസവും പുലർച്ചെ മൂന്നുമുതൽ ഉച്ചയ്‌ക്ക്‌ ഒന്നുവരെയും വൈകിട്ട്‌ മൂന്നുമുതൽ രാത്രി 11 വരെയുമാണ് ഭക്തർക്ക് ദർശനം നടത്താൻ സാധിക്കുക.

ഡിസംബർ 26-ന് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും. ഡിസംബർ 27-നാണ് മണ്ഡലപൂജ. മണ്ഡലപൂജയ്ക്ക് ശേഷം അന്ന് രാത്രി നട അടയ്‌ക്കുന്നതോടെ മണ്ഡലകാല തീർഥാടനം സമാപിക്കും. തുടർന്ന്, ഡിസംബർ 30-ന് വൈകിട്ട് അഞ്ചിന് മകരവിളക്ക് ഉത്സവത്തിനായി നട വീണ്ടും തുറക്കും. ജനുവരി 14-നാണ് പ്രസിദ്ധമായ മകരവിളക്ക്. ജനുവരി 19 വരെ തീർഥാടകർക്ക്‌ ദർശനം നടത്താം. ജനുവരി 20-ന് രാവിലെ പന്തളം കൊട്ടാരം രാജപ്രതിനിധിയുടെ ദർശനത്തിനുശേഷം ഈ വർഷത്തെ ഉത്സവം പൂർത്തിയാക്കി നടയടയ്‌ക്കും.

Leave a Reply

Your email address will not be published. Required fields are marked *