ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് എത്തിയ ശേഷം തകർപ്പൻ പ്രതികരണവുമായി സഞ്ജു സാംസൺ. CSK-യുടെ വിഖ്യാതമായ മഞ്ഞ ജേഴ്സി ധരിച്ചു നിൽക്കുന്ന സഞ്ജുവിന്റെ പുതിയ വീഡിയോ ചെന്നൈ സൂപ്പർ കിംഗ്‌സ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.
‘ചാമ്പ്യൻ ഫീൽ’
ഈ ദിവസത്തിനായി താൻ കാത്തിരിക്കുകയായിരുന്നുവെന്ന് സഞ്ജു വീഡിയോയിൽ പറയുന്നു. “മഞ്ഞ ജേഴ്സി ധരിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. കറുപ്പ്, നീല, ബ്രൗൺ തുടങ്ങിയ കടും നിറങ്ങളുള്ള ജേഴ്സികളൊക്കെ ധരിച്ചിട്ടുണ്ടെങ്കിലും മഞ്ഞ ജേഴ്സി ധരിക്കുന്നത് ഒരു പ്രത്യേക വികാരമാണ്,” താരം പ്രതികരിച്ചു.
സത്യസന്ധമായി പറഞ്ഞാൽ, ചെന്നൈ ജേഴ്സി ധരിച്ചാൽ എങ്ങനെ ഉണ്ടാകുമെന്ന് താനൊരിക്കലും ചിന്തിച്ചിട്ടില്ലെന്നും സഞ്ജു കൂട്ടിച്ചേർത്തു. “ചെന്നൈ ജേഴ്സി ധരിച്ചതോടെ ശുഭചിന്തയാണ് മനസ്സിൽ തോന്നുന്നത്. ഒപ്പം സന്തോഷവും ഒരു വ്യത്യസ്തയുമൊക്കെയുണ്ട്. ചെന്നൈ ജേഴ്സി ധരിക്കുന്നത് തന്നെ പ്രത്യേക ഊർജ്ജമാണ്. ഇപ്പോൾ ഒരു ചാമ്പ്യനെപ്പോലെ തോന്നുന്നു, വൗ…” എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
താരലേലത്തിന് മുൻപ് രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുകൊടുത്ത് 18 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജുവിനെ ചെന്നൈ സൂപ്പർ കിംഗ്‌സ് സ്വന്തമാക്കിയത്. ഇന്ത്യൻ ക്രിക്കറ്റ് ലോകം ഇതുവരെ കാണാത്തത്ര മാസ് അവതരണത്തോടെയാണ് ചെന്നൈ സഞ്ജുവിനെ ടീമിന് മുന്നിൽ അവതരിപ്പിച്ചത്.
