Home » Blog » Kerala » ഭീമാകാരമായ ഒരു ചിത്രശലഭം; ചൊവ്വയിൽ കണ്ടെത്തിയ വിചിത്ര രൂപത്തിന് പിന്നിലെ സത്യം എന്ത്?
jcjdc-1

ചുവന്ന ഗ്രഹം, അഥവാ ചൊവ്വ, എന്നും നമ്മെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയിട്ടുണ്ട്. വെള്ളത്തിന്റെ സൂചനകൾ, വിചിത്രമായ രൂപങ്ങൾ… ഓരോ തവണയും പുതിയ കണ്ടെത്തലുകൾ! എന്നാൽ ഈ പ്രാവശ്യം യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ (ESA) മാർസ് എക്സ്പ്രസ് ദൗത്യം കണ്ട കാഴ്ച, എല്ലാവരെയും ഞെട്ടിച്ചു. ചൊവ്വയുടെ ദുർഘടമായ ഉപരിതലത്തിൽ, ഏകദേശം 20 കിലോമീറ്റർ വിസ്താരമുള്ള ഭീമാകാരമായ ഒരു ‘ചിത്രശലഭത്തിന്റെ’ രൂപം!ഒറ്റനോട്ടത്തിൽ, ആ മരുഭൂമിയിൽ ഒരു ഭീമൻ പ്രാണിയോ അന്യഗ്രഹ ജീവിയോ തകർന്നു വീണതായി തോന്നാം. എന്തുകൊണ്ടാണ് ഈ രൂപം അവിടെ പ്രത്യക്ഷപ്പെട്ടത്? ഇത് ജീവന്റെ തെളിവാണോ?എപ്പോൾ ആ നിഗൂഢതയുടെ ചുരുളഴിച്ചിരിക്കുകയാണ്. ഈ ‘ചിത്രശലഭം’ എങ്ങനെ രൂപപ്പെട്ടു, അതിന് പിന്നിൽ ചൊവ്വയുടെ ഏത് വലിയ രഹസ്യമാണ് ഒളിഞ്ഞിരിക്കുന്നത് എന്നറിയേണ്ടേ?

ചൊവ്വയുടെ ഇഡേയസ് ഫോസേ മേഖലയിലാണ് ഈ രൂപം കണ്ടെത്തിയത്. ഇത് ഒരു യഥാർത്ഥ പ്രാണിയോ അന്യഗ്രഹജീവിയോ അല്ലെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കിയിട്ടുണ്ട്. മറിച്ച്, ഒരു വലിയ പാറയുടെ ആഘാതത്താൽ രൂപപ്പെട്ട ഒരു ഗർത്തമാണിത്. എങ്കിലും, ഇത് ഒരു സാധാരണ വൃത്താകൃതിയിലുള്ള ഗർത്തമല്ല. ഒരു ബഹിരാകാശ ശിലയോ ഛിന്നഗ്രഹമോ ചൊവ്വയുടെ ഉപരിതലത്തിൽ വളരെ താഴ്ന്ന കോണിൽ പതിക്കുമ്പോഴാണ് ഇത്തരം അപൂർവമായ ഗർത്തങ്ങൾ രൂപപ്പെടുന്നത് എന്ന് ESA വിശദീകരിക്കുന്നു. കൂട്ടിയിടി നേരെയായിരുന്നില്ല, മറിച്ച് ചരിഞ്ഞതായിരുന്നു.

വെള്ളത്തിന് മുകളിലൂടെ എറിയുന്ന ഒരു കല്ല് പോലെ, ഈ പാറ ചൊവ്വയിൽ ഇടിക്കുകയും ചാടി വീഴുകയും ചെയ്തു. ഈ ആഘാതമാണ് രണ്ട് വലിയ ‘ചിറകുകളും’ നടുവിൽ ആഴത്തിലുള്ള ഒരു നീണ്ട ഗർത്തവും സൃഷ്ടിച്ചത്. അതുകൊണ്ടാണ് മുകളിൽ നിന്ന് നോക്കുമ്പോൾ ഇത് ഒരു ചിത്രശലഭത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത്. കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ഏകദേശം 20 കിലോമീറ്ററും വടക്ക് നിന്ന് തെക്കോട്ട് 15 കിലോമീറ്ററും വ്യാപിച്ചുകിടക്കുന്ന ഈ ഗർത്തം, ചൊവ്വയിലെ കൂട്ടിയിടി ചരിത്രത്തിലെ ഒരു അപൂർവ സംഭവമാണ്.

ഈ ചിത്രശലഭ ഗർത്തത്തെക്കുറിച്ച് പഠിക്കുമ്പോൾ ശാസ്ത്രജ്ഞർ മറ്റൊരു അത്ഭുതകരമായ കണ്ടെത്തൽ കൂടി വെളിപ്പെടുത്തി, ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ചിറകിന്റെ അവശിഷ്ടങ്ങൾ വളരെ മിനുസമാർന്നതും വൃത്താകൃതിയിലുള്ളതുമാണ്. ആഘാത സമയത്ത് ഭൂമിക്കടിയിൽ ഐസോ ജലാംശമോ ഉണ്ടായിരുന്നു എന്നതിന്റെ ശക്തമായ തെളിവാണിതെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.

പാറ അതിശയിപ്പിക്കുന്ന വേഗതയിൽ ഇടിച്ചപ്പോൾ ഉത്പാദിപ്പിക്കപ്പെട്ട ചൂട്, ഭൂമിക്കടിയിൽ മറഞ്ഞിരിക്കുന്ന മഞ്ഞുരുകാൻ കാരണമായി. മഞ്ഞുരുകി ദ്രാവകമായതോടെ, മണ്ണും പാറകളും ദ്രാവകരൂപത്തിലുള്ള വസ്തുക്കൾ പോലെ ഒഴുകി. അതുകൊണ്ടാണ് ഗർത്തത്തിന് ചുറ്റുമുള്ള അവശിഷ്ടങ്ങൾ കട്ടിയുള്ള പാറകളായിട്ടല്ലാതെ, തണുത്തുറഞ്ഞ ചെളി പോലെ കാണപ്പെടുന്നത്. ചൊവ്വയുടെ ഈ പ്രദേശത്ത് ഒരിക്കൽ വലിയൊരു ജലസംഭരണിയോ ഐസോ ഉണ്ടായിരുന്നിരിക്കാം എന്ന് ഈ കണ്ടെത്തൽ ശക്തമായി സൂചിപ്പിക്കുന്നു.

ഈ ഗർത്തം സ്ഥിതി ചെയ്യുന്ന ചൊവ്വയുടെ വടക്കൻ ഭാഗത്തെ ‘ഇഡിയോസ് ഫോസേ’ മേഖലയ്ക്ക് ഒരു പ്രക്ഷുബ്ധമായ ചരിത്രമുണ്ട്. ചിത്രങ്ങൾ ഒരു ചിത്രശലഭത്തേക്കാൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുന്നു. ഗർത്തത്തിന് സമീപം മെസകൾ എന്നറിയപ്പെടുന്ന, പരന്നതും ഉയർന്നതുമായ കുന്നുകൾ കാണപ്പെടുന്നു. കൂടാതെ, ചുളിവുകളുള്ള വരമ്പുകളും ദൃശ്യമാണ്. ലാവ തണുക്കുകയും ഭൂമി ചുരുങ്ങുകയും ചെയ്യുമ്പോൾ രൂപം കൊള്ളുന്നവയാണിവ. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശം ഒരുകാലത്ത് സജീവമായ അഗ്നിപർവ്വതങ്ങളായിരുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. ഇവിടുത്തെ മണ്ണിൽ ഉയർന്ന അളവിൽ മഗ്നീഷ്യം, ഇരുമ്പ് എന്നിവയുടെ സാന്നിധ്യം അഗ്നിപർവ്വത ചാരത്തിൽ നിന്ന് വന്നതാണെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി.

യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മാർസ് എക്സ്പ്രസ് ബഹിരാകാശ പേടകമാണ് ഈ അതിശയിപ്പിക്കുന്ന ചിത്രങ്ങൾ അയച്ചത്. 2003-ൽ വിക്ഷേപിച്ച ഈ ദൗത്യം 2004 മുതൽ ചൊവ്വയെ ചുറ്റുന്നു. 3D ചിത്രങ്ങൾ എടുക്കാൻ കഴിയുന്ന ഹൈ റെസല്യൂഷൻ സ്റ്റീരിയോ ക്യാമറ (HRSC) ആണ് ഇതിലെ പ്രധാന ഉപകരണം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ചൊവ്വയുടെ മാപ്പിംഗിലും അതിന്റെ അന്തരീക്ഷ പഠനങ്ങളിലും മാർസ് എക്സ്പ്രസ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.