നിശ്ചിത സമയത്തിനകം വിവരാവകാശ അപേക്ഷകളിൽ രേഖകളുടെ പകർപ്പ് ലഭിക്കുന്നതിന് ഫീസ് അടക്കാൻ വ്യക്തമായ അറിയിപ്പ് നൽകിയില്ലെങ്കിൽ രേഖകൾ സൗജന്യമായി നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ അഡ്വ. ടികെ രാമകൃഷ്ണൻ. വിവരാവകാശ അപേക്ഷകളിൽ സമയബന്ധിതമായി മറുപടി നൽകാതിരുന്നാൽ ഉദ്യോഗസ്ഥരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കി അപേക്ഷകർക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ അപേക്ഷകളിൽ രേഖകളുടെ പകർപ്പിന് ഫീസടക്കാനുണ്ടെങ്കിൽ പകർപ്പിന്റെ പേജ് കണക്കാക്കി ഒരു പേജിന് മൂന്ന് രൂപ നിരക്കിൽ മൊത്തം അടക്കേണ്ട തുകയും ഏത് അക്കൗണ്ടിലേക്കാണ് അടക്കേണ്ടതെന്നും വ്യക്തമാക്കിയുള്ള കത്ത് അപേക്ഷകർക്ക് നൽകണം.
