Home » Blog » Kerala » പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാതെ ഐഫോൺ എയർ! വിപണിയിൽ തകർച്ച, റീസെയിൽ മൂല്യം ഇടിഞ്ഞു
iPhone-Air-680x450

കാലിഫോർണിയ ആസ്ഥാനമായുള്ള ടെക് ഭീമൻ ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 17 സീരീസ് വൻ വിജയമായി മാറിയെങ്കിലും, ഈ സീരീസിൽ അവതരിപ്പിച്ച പരീക്ഷണ മോഡലായ ഐഫോൺ എയർ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കുന്നതിൽ പരാജയപ്പെട്ടു. മോശം വിൽപ്പന കാരണം തുടക്കത്തിൽ തന്നെ വിതരണക്കാർ ഐഫോൺ എയറിന്റെ ഉത്പാദനം കുറച്ചിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ഐഫോൺ എയറിന്റെ റീസെയിൽ മൂല്യം കുത്തനെ ഇടിഞ്ഞതായും കണ്ടെത്തി. പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്, ഐഫോൺ 17 സീരീസിലെ മറ്റ് മോഡലുകളെ അപേക്ഷിച്ച് സെക്കൻഡ് ഹാൻഡ് വിപണിയിൽ ഐഫോൺ എയറിന് ഏറ്റവും കുറഞ്ഞ വിലയാണ് ലഭിക്കുന്നത് എന്നാണ്.

ഐഫോൺ എയർ മോഡലും ഐഫോൺ 17 സീരീസിലെ മറ്റ് പ്രധാന ഫോണുകളും തമ്മിലുള്ള വിൽപ്പനയിലെ വലിയ വ്യത്യാസം സെൽസെൽ (SellCell) റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഏകദേശം 40 ട്രേഡ്-ഇൻ കമ്പനികളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തതിൽ, ഐഫോൺ എയർ പുറത്തിറങ്ങി 10 ആഴ്ചകൾക്കുള്ളിൽ അതിന്റെ റീസെയിൽ മൂല്യം ഏകദേശം 50 ശതമാനം കുറഞ്ഞതായി കണ്ടെത്തി. അതായത്, ഫോണിന്റെ യഥാർത്ഥ വിലയുടെ പകുതി മാത്രമാണ് ഉപഭോക്താക്കൾക്ക് തിരികെ ലഭിക്കുന്നത്. എന്നാൽ, ഐഫോൺ 17 ശ്രേണിയിലെ മറ്റ് മോഡലുകൾ മെച്ചപ്പെട്ട റീസെയിൽ മൂല്യം നിലനിർത്തുന്നുണ്ട്. സ്റ്റാൻഡേർഡ് ഐഫോൺ 17ന് ഏകദേശം 35 ശതമാനം വിലക്കുറവാണ് അനുഭവപ്പെടുന്നത്. ഐഫോൺ എയറിന്റെ 1ടിബി മോഡലിനാകട്ടെ, ഏകദേശം 48 ശതമാനം കുറഞ്ഞ ട്രേഡ്-ഇൻ വില മാത്രമാണ് ലഭിക്കുന്നത്.

ഐഫോൺ എയറിന് വിപണിയിൽ തിരിച്ചടി നേരിട്ടപ്പോൾ, ഐഫോൺ 17 പ്രോ മോഡലുകൾക്ക് ഉയർന്ന ഡിമാൻഡ് തുടരുന്നു. ഈ മോഡലുകളുടെ റീസെയിൽ മൂല്യം കാര്യമായി കുറഞ്ഞിട്ടില്ല. സെൽസെൽ ഡാറ്റാ വിശകലനം അനുസരിച്ച്, ഐഫോൺ 17 പ്രോ മാക്‌സിന്റെ 256 ജിബി മോഡലിന്റെ പുനർവിൽപ്പന മൂല്യം വെറും 26 ശതമാനം മാത്രമാണ് കുറഞ്ഞത്. മറ്റ് കോൺഫിഗറേഷനുകൾക്ക് പരമാവധി 40 ശതമാനം വരെ വിലക്കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും, സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ പ്രോ മോഡലുകൾക്ക് ശക്തമായ ഡിമാൻഡ് ഉണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സ്റ്റാൻഡേർഡ്, പ്രോ മോഡലുകൾ ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ ജനപ്രിയമായപ്പോൾ, ഐഫോൺ എയറിന് മാത്രമാണ് വിപണിയിൽ തണുപ്പൻ പ്രതികരണം ലഭിച്ചതെന്നും സെൽസെൽ ഡാറ്റ വ്യക്തമാക്കുന്നു.