റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ പാകിസ്ഥാൻ എ ടീമിനോട് ഒമ്പത് വിക്കറ്റിന്റെ കനത്ത തോൽവി വഴങ്ങിയിരിക്കുകയാണ് ഇന്ത്യ എ. ഇന്ത്യ ഉയർത്തിയ 136 റൺസ് വിജയലക്ഷ്യം 40 പന്തുകൾ ബാക്കി നിൽക്കെ പാകിസ്ഥാൻ അനായാസം മറികടന്നു. ഓപ്പണർ മാസ് സദാഖത്ത് (79 നോട്ടൗട്ട്) പാകിസ്ഥാന്റെ വിജയശിൽപ്പിയായി.
വൈഭവ്-ഉബൈദ് വാക്പോര്
മത്സരത്തിനിടെ നിരവധി നാടകീയ രംഗങ്ങൾ അരങ്ങേറിയതിൽ പ്രധാന ചർച്ചാവിഷയം ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശിയും പാക് ബോളർ ഉബൈദ് ഷായും തമ്മിലുണ്ടായ വാക്കുതർക്കമാണ്. ഇന്നിങ്സിന്റെ തുടക്കം മുതൽ വൈഭവ് ഉബൈദിനെ കടന്നാക്രമിച്ചിരുന്നു. ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയ വൈഭവ്, രണ്ടാം ഓവറിലും ബൗണ്ടറി നേടി ഫോം തുടർന്നു. എന്നാൽ മൂന്നാം ഓവറിൽ ഉബൈദ് പന്തെറിയാനെത്തിയപ്പോൾ, ഓവറിലെ മൂന്നാം പന്തിൽ വൈഭവിന് റണ്ണൊന്നും നേടാനായില്ല. തൊട്ടുപിന്നാലെ പാക് പേസർ വൈഭവിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു.
മറുപടി വാക്കുകൊണ്ടും ബാറ്റുകൊണ്ടും
പാക് പേസറുടെ പ്രകോപനത്തിന് വൈഭവ് നൽകിയ മറുപടി സ്റ്റംപ് മൈക്കിൽ പതിഞ്ഞു, “പോ, പോയി പന്തെറിയ്” എന്നാണ് വൈഭവ് പറഞ്ഞത്. എന്നാൽ വെറും വാക്കിൽ ഒതുക്കിയില്ല വൈഭവ്. തൊട്ടടുത്ത പന്തിൽ ഉബൈദിനെ കവറിന് മുകളിലൂടെ തകർപ്പൻ ബൗണ്ടറിയിലേക്ക് പറത്തി വിട്ട് ബാറ്റുകൊണ്ടും മറുപടി നൽകി. മത്സരത്തിൽ 28 പന്തുകളിൽ നിന്ന് മൂന്ന് സിക്സറുകളും അഞ്ച് ബൗണ്ടറികളും ഉൾപ്പെടെ 45 റൺസാണ് വൈഭവ് നേടിയത്.
