Home » Blog » Top News » പുതുവത്സരാഘോഷം: കര്‍മപരിപാടികളുമായി എക്സൈസ് വകുപ്പ്
854820-excise-department

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ വിവിധ കര്‍മപരിപാടികളുമായി എക്സൈസ് വകുപ്പ്. മയക്കുമരുന്നുകളുടെ ഉപയോഗം, അനധികൃത മദ്യവില്‍പന തുടങ്ങിയവ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ച് രഹസ്യവിവരം ശേഖരിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതര സംസ്ഥാന ബസുകള്‍, മറ്റു യാത്രാ വാഹനങ്ങള്‍ എന്നിവയില്‍ പരിശോധന നടത്തും. മുന്‍കാല അബ്കാരി/എന്‍.ഡി.പി.എസ് പ്രതികള്‍, അവരുടെ കൂട്ടാളികള്‍ എന്നിവരുടെ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍, ടവര്‍ ലൊക്കേഷനുകള്‍ എന്നിവ നിരീക്ഷിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ലഭിക്കുന്ന പരാതികളില്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ താലൂക്ക് തലത്തില്‍ സ്ട്രൈക്കിങ് ഫോഴ്‌സുകള്‍, ജില്ലാതലത്തില്‍ കണ്‍ട്രോള്‍ റൂം, ഹൈവേകളിലെ വാഹന പരിശോധനക്ക് പ്രത്യേക ഹൈവേ പട്രോള്‍ ടീം എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ പോലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തും.

 

ബാര്‍ ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, റിസോര്‍ട്ടുകള്‍, മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഡി.ജെ പാര്‍ട്ടികളും അനുബന്ധ ആഘോഷങ്ങളും നടത്തുമ്പോള്‍ അതില്‍ പങ്കെടുക്കുന്നവരുടെ വിലാസവും ഫോണ്‍ നമ്പറും, ഡി.ജെ പാര്‍ട്ടി സ്ഥാപനം നേരിട്ട് നടത്തുന്നതല്ലെങ്കില്‍ ആരാണ് സംഘടിപ്പിക്കുന്നതെന്ന വിവരവും എക്‌സൈസ്, പോലീസ് എന്നിവരെ മുന്‍കൂട്ടി അറിയിക്കണം.

 

പുതുവത്സരാഘോഷങ്ങളിലും അനുബന്ധ ആഘോഷ പരിപാടികളിലും മദ്യം ഉപയോഗിക്കുന്നുണ്ടെങ്കില്‍ പ്രത്യേകം ലൈസന്‍സ് (എഫ്.എല്‍.6) എടുക്കണം. 21 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് മദ്യം നല്‍കുന്നതെന്ന് ഉറപ്പുവരുത്തണം. ഇത്തരം പാര്‍ട്ടികള്‍ സംബന്ധിച്ച പരസ്യങ്ങളില്‍ നിയമവിരുദ്ധ കാര്യങ്ങള്‍ ഉള്‍പ്പെടുത്തരുത്. സി.സി.ടി.വി നിരീക്ഷണം ഉറപ്പുവരുത്തുകയും ആവശ്യപ്പെട്ടാല്‍ കൈമാറുകയും വേണം. ഡി.ജെ പാര്‍ട്ടികളുടെ മറവില്‍ മയക്കുമരുന്ന് ഉപയോഗവും വിപണനവും ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട എക്സൈസ് ഓഫീസിലോ ഉദ്യോഗസ്ഥരെയോ അറിയിക്കണം.

 

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് റസ്റ്ററന്റുകള്‍, റിസോര്‍ട്ടുകള്‍, ബാര്‍ ഹോട്ടലുകള്‍, ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. മദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വിവിധ നമ്പറുകളില്‍ കൈമാറാം:

 

ജില്ലാ കണ്‍ട്രോള്‍ റൂം -0495 2372927, അസി. എക്സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്), കോഴിക്കോട് -9496002871, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, എക്സൈസ് എന്‍ഫോഴ്‌സ്മെന്റ് ആന്‍ഡ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് കോഴിക്കോട് -9400069675, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കോഴിക്കോട് -9400069677, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, പേരാമ്പ്ര -9400069679, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, താമരശ്ശേരി -9446961496, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, വടകര -9400069680