ആറ് പതിറ്റാണ്ടായി കോൺഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ യുഡിഎഫിന് കനത്ത തിരിച്ചടി. 12-ാം വാർഡായ പെരിങ്ങോട്ടുകുറിശ്ശിയിലെ ടി.കെ സുജിത, 15-ാം വാർഡായ വടക്കുമുറിയിലെ ദീപ ഗിരീഷ് എന്നിവരുടെ നാമനിർദ്ദേശ പത്രിക തള്ളി. പഞ്ചായത്തുമായി ബന്ധപ്പെട്ട് തൊഴിലുറപ്പ് കരാറിൽ ഒപ്പുവച്ച സാങ്കേതിക പ്രശ്‌നങ്ങളാണ് പത്രിക തള്ളാൻ കാരണമായത്.
പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തില്‍ നിന്ന് കോൺഗ്രസ് വിട്ട എ.വി ഗോപിനാഥ് രൂപീകരിച്ച സ്വതന്ത്ര ജനാധിപത്യ മുന്നണി (ഐ.ഡി.എഫ്.) സിപിഐഎമ്മുമായി സഖ്യമുണ്ടാക്കിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഐ.ഡി.എഫ് 11 സീറ്റുകളിലും സിപിഐഎം 7 സീറ്റുകളിലും മത്സരിക്കും.
പാലക്കാട് ജില്ലയിൽ ഐ ഗ്രൂപ്പിൻ്റെ പ്രധാന മുഖമായിരുന്ന എ.വി ഗോപിനാഥ്, 2009 മുതൽ കോൺഗ്രസ് നേതൃത്വവുമായി അകലം പാലിച്ചിരുന്നു. 2021 ലെ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് അദ്ദേഹം നേതൃത്വവുമായി ഇടഞ്ഞ് പുതിയ മുന്നണി രൂപീകരിച്ചത്. നിലവിലെ ഭരണസമിതിയിൽ യുഡിഎഫിന് പതിനൊന്നും സിപിഐഎമ്മിന് അഞ്ച് അംഗങ്ങളുമാണുള്ളത്. ഇത്തവണ രണ്ട് വാർഡുകൾ അധികമായി ചേർത്തതോടെ പഞ്ചായത്തിലെ ആകെ വാർഡുകൾ 18 ആയി ഉയർന്നു.
