Home » Blog » Top News » പാടാൻ കൊതിച്ച് ‘സവിശേഷ’ വേദിയിലെത്തിയ വയോധിക മടങ്ങിയത് പാട്ടും പാടി മന്ത്രിയിൽ നിന്ന് ആദരവും സ്വീകരിച്ച്
images-47

നേരത്തെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും പാടാൻ കൊതിച്ച് ‘സവിശേഷ’ ഭിന്നശേഷി കലാമേളയുടെ വേദിയിലെത്തിയ 67-കാരി സൂര്യലക്ഷ്മി മടങ്ങിയത് പാട്ടും പാടി മന്ത്രി ഡോ.ആർ. ബിന്ദുവിൽ നിന്ന് ആദരവും സ്വീകരിച്ച സന്തോഷത്തോടെ.

ഭിന്നശേഷിക്കാർക്കായി സാമൂഹ്യനീതി വകുപ്പ് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ആദ്യത്തെ സർഗോത്സവമായ ‘സവിശേഷ’ കലാമേളയുടെ വേദിയായ തിരുവനന്തപുരം ടാഗോർ തിയറ്ററിൽ വെച്ചായിരുന്നു ഭിന്നശേഷിക്കാരിയായ തിരുവനന്തപുരം വെമ്പായം സ്വദേശി സൂര്യലക്ഷ്മി എന്ന വിജയമ്മയുടെ ആഗ്രഹം പൂർത്തീകരിച്ചത്.

മേള നടക്കുന്നുണ്ടെന്നറിഞ്ഞ് ടാഗോറിൽ എത്തിയ വിജയമ്മ ആദ്യം തിരക്കിയത് ‘സാമൂഹ്യനീതി വകുപ്പിലെ മന്ത്രി ബിന്ദുവിനെ’ ആയിരുന്നു. തിയറ്ററിന്റെ മുൻനിരയിൽ വീൽചെയറിൽ എത്തിയ അവർ ഇത് തിരക്കിയതാകട്ടെ മന്ത്രി ആർ.ബിന്ദുവിനോടും.

മന്ത്രി ആർ ബിന്ദുവിനോടാണ് അമ്മ സംസാരിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ ആശ്ചര്യപ്പെട്ട വിജയമ്മ തുടർന്ന് മന്ത്രിക്ക് മുന്നിൽ തന്റെ ആവശ്യം ഉന്നയിച്ചു; ‘എനിയ്ക്ക് വേദിയിൽ പാട്ട് പാടാൻ ഫാറം പൂരിപ്പിച്ച് തരണം’.

ഫോറം പൂരിപ്പിച്ചു തരാതെ തന്നെ പാട്ടു പാടാം എന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞിട്ടും വിജയമ്മയ്ക്ക് വിശ്വാസമായില്ല, ‘അപ്പം ഫാറം വേണ്ടേ…?’ തുടർന്നായിരുന്നു പ്രിയപ്പെട്ട മന്ത്രിയോട് വിജയമ്മയുടെ നർമത്തിൽ ചാലിച്ച വാക്കുകൾ ‘അമ്മൂമ്മയ്ക്ക് പാട്ടിൽ ഫസ്റ്റ് കിട്ടിയാൽ സമ്മാനം ബിന്ദു വാങ്ങിച്ചുകളയോ…?,’ ഇതുകേട്ട് മന്ത്രി പൊട്ടിച്ചിരിച്ചുപോയി. മന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം സ്റ്റേജിൽ കയറിയ വിജയമ്മ ഉഗ്രനൊരു ഭക്തിഗാനവും പാടി, മന്ത്രിയിൽ നിന്ന് പൊന്നാടയും സ്വീകരിച്ചാണ് മടങ്ങിയത്.

12 വയസ്സ് വരെ പാട്ട് പഠിച്ചിരുന്ന വിജയമ്മയ്ക്ക് നാല് വർഷം മുമ്പ് നാഡീസംബന്ധമായ രോഗത്താൽ കാഴ്ച നഷ്ടപ്പെട്ടു. മുഴുവൻ സമയവും വീൽചെയറിലുമാണ്. വെമ്പായത്ത് തനിച്ചു താമസിക്കുന്ന ഇവർക്ക് വീടും സ്ഥലവും വിട്ട് മറ്റൊരിടത്തേക്കോ ഷെൽട്ടർ ഹോമിലേക്കോ മാറാൻ താല്പര്യമില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.