830801954dc23f2b7d4e6ba84c34c2350975d24b34bd448f4409630e764d8dea.0

പറമ്പിൽ പാമ്പിനെ കണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് വിളിച്ചിറക്കി വയോധികയുടെ മാല കവർന്നു. കോതമംഗലം പുതുപ്പാടിയിലാണ് സംഭവം. പുതുപ്പാടി സ്വദേശിനി വാഴാട്ടിൽ ഏലിയാമ്മയുടെ മാലയാണ് പാമ്പിനെ കാണിച്ചു തരാനെന്ന വ്യാജേന അടുത്ത് നിന്ന യുവാവ് പൊട്ടിച്ച് ഓടിയത്. മോഷണത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഏലിയാമ്മയുടെ അടുത്ത് പാമ്പിനെ കാണിച്ച് കൊടുക്കാനെന്ന രീതിയിൽ നിന്ന യുവാവ് മാല പൊട്ടിച്ച് കടക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇന്നലെ വൈകുന്നേരം വീട്ടിലേക്ക് എത്തിയ യുവാവ് ഏലിയാമ്മയുടെ പറമ്പിൽ പാമ്പിനെ കണ്ടെന്നും കാണിച്ചുതരാമെന്നും തെറ്റിദ്ധരിപ്പിച്ച് ഏലിയാമ്മയെ പുറത്തേക്ക് വിളിച്ചിറക്കി. പറമ്പിന്റെ ഒരു വശത്തേക്ക് പാമ്പ് പോയെന്നും ഇവിടെയുണ്ടെന്നെല്ലാം പറഞ്ഞ് ഏലിയാമ്മ പാമ്പിനെ നോക്കുന്നതിനിടെ ശ്രദ്ധമാറിയ സമയത്ത് യുവാവ് മാല പൊട്ടിച്ചുകൊണ്ട് ഓടുകയായിരുന്നു.

ഒന്നര പവന്റെ മാലയാണ് കളവ് പോയത്. മാല പൊട്ടിക്കാനുള്ള ശ്രമത്തിൽ നിലത്ത് വീണ ഏലിയാമ്മയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. 82 വയസുള്ള വയോധികയെ തള്ളിയിട്ടാണ് കള്ളൻ മാല പൊട്ടിച്ചത്. ഇയാൾ കസ്റ്റഡിയിലായതായി ചില സൂചനകൾ ലഭ്യമായിട്ടുണ്ട്. വയോധികയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ചേ‍ർന്ന് ഇയാൾക്കായി തെരച്ചിൽ നടത്തിയിരുന്നു. പൊലീസ് സംഭവത്തിൽ കേസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *