ജില്ലയിലെ പട്ടികവർഗ ഉന്നതികളിലെ സാമൂഹ്യപഠനമുറികളിലേക്കും വിജ്ഞാനവാടികളിലേക്കും പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും പുസ്തകങ്ങൾ ശേഖരിക്കുന്നതിന് ‘അക്ഷരോന്നതി’ പദ്ധതിക്ക് തുടക്കമിടുന്നു. പൊതുജനങ്ങൾക്ക് ഇതിലേക്ക് ഉപയോഗിച്ചതോ അല്ലാത്തതോ ആയ പുസ്തകങ്ങൾ നൽകാം.
സാഹിത്യം, പൊതു വിജ്ഞാനം, മത്സരപരീക്ഷയ്ക്കുള്ള പുസ്തകങ്ങൾ എന്നിങ്ങനെയുള്ള പുസ്തകങ്ങളാണ് ലക്ഷ്യമിടുന്നത്. ഇവ ശേഖരിക്കുന്നതിന് എല്ലാ ഗ്രാമപഞ്ചായത്ത്, നഗരസഭാ കേന്ദ്രങ്ങളിലും സൗകര്യം ഏർപ്പെടുത്തും. കളക്ടറേറ്റിലും പുസ്തകം ശേഖരിക്കാനുള്ള സൗകര്യമൊരുക്കും.
ജനുവരിയിൽ പുസ്തകങ്ങൾ ശേഖരിച്ച് ഫെബ്രുവരി ആദ്യം വിതരണം ചെയ്യും. 15 സാമൂഹിക പഠനമുറികൾ ഉൾപ്പെടെ 37 കേന്ദ്രങ്ങളിലേക്കാണ് പുസ്തകങ്ങൾ ശേഖരിക്കുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പും പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പും ചേർന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി സംബന്ധിച്ച യോഗം ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്നു. തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ പദ്ധതി വിശദീകരിച്ചു. ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ എസ്. സജു, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ. വി.വി. മാത്യു, പട്ടികജാതി വികസന വകുപ്പ് ജൂനിയർ സൂപ്രണ്ട് എം.ആർ. ജിഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു.
