മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനെ രാജ്യത്തിൻ്റെ ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാനും അപകീർത്തിപ്പെടുത്താനുമാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി ആരോപിച്ചു. നെഹ്‌റുവിനെ ലക്ഷ്യമിടുന്നത് വഴി രാജ്യത്തിൻ്റെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക അടിത്തറകളെക്കൂടി ബി.ജെ.പി. നശിപ്പിക്കുകയാണെന്നും അവർ പറഞ്ഞു.
ജവഹർ ഭവനിൽ നടന്ന നെഹ്‌റു സെന്റർ ഇന്ത്യയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവെയാണ് സോണിയ കടുത്ത വിമർശനമുയർത്തിയത്. നെഹ്‌റുവിനെ വ്യക്തിപരമായി മാത്രമല്ല, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അദ്ദേഹം നൽകിയ, ലോകമെമ്പാടും അംഗീകരിക്കപ്പെട്ട പങ്കിനെ കുറച്ചുകാണിക്കാനാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്. ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമത്തിൻ്റെ ഭാഗമായി നെഹ്‌റുവിൻ്റെ ബഹുമുഖ പൈതൃകം തകർക്കാനും ബി.ജെ.പി. ശ്രമിക്കുന്നുണ്ടെന്ന് സോണിയ ആരോപിച്ചു. സ്വാതന്ത്ര്യസമരത്തിലോ ഭരണഘടനാ രൂപവത്കരണത്തിലോ ഒരു പങ്കുമില്ലാത്തവരാണ് നെഹ്‌റുവിനെ ചെറുതാക്കാൻ ശ്രമിക്കുന്നത്. ഗാന്ധിജിയുടെ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം സൃഷ്ടിച്ച പ്രത്യയശാസ്ത്രം പേറുന്നവരാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. നെഹ്‌റു ലക്ഷക്കണക്കിന് ഇന്ത്യക്കാരെ നയിക്കുന്ന പ്രകാശഗോപുരമായി തുടരുന്നുവെന്നും അദ്ദേഹത്തെപ്പോലെ ഒരു വ്യക്തിയുടെ ജീവിതത്തേയും പ്രവർത്തനങ്ങളേയും വിശകലനംചെയ്യുകയും വിമർശിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും സോണിയ പറഞ്ഞു.
ടോം വടക്കൻ്റെ മറുപടി
സോണിയാ ഗാന്ധിയുടെ ആരോപണങ്ങൾക്ക് ബി.ജെ.പി വക്താവ് ടോം വടക്കൻ ശക്തമായ മറുപടി നൽകി. നെഹ്‌റുവിനോട് അത്ര ബഹുമാനമുണ്ടായിരുന്നെങ്കിൽ, കുടുംബപ്പേരിൽ നെഹ്‌റു എന്ന് ചേർക്കേണ്ടിയിരുന്നുവെന്ന് ടോം വടക്കൻ പരിഹസിച്ചു. നെഹ്റുവിന് പകരം ഗാന്ധിക്ക് ഇപ്പോഴും മുൻഗണന നൽകുന്നതെങ്കിൽ എവിടെയോ എന്തോ കുഴപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റുവിൻ്റെ സംഭാവനകളെ വിലകുറച്ച് കണ്ടത് കോൺഗ്രസുകാർ തന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒട്ടേറെ തട്ടിപ്പുകൾ മുതൽ 1962 ഇന്ത്യ-ചൈന യുദ്ധംവരെയുള്ള നെഹ്‌റുവിന്റെ തെറ്റുകൾ മറച്ചുവയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. മനുഷ്യർക്ക് തെറ്റുകൾ സംഭവിക്കാം, അത് മനുഷ്യസഹജമാണ്. എന്നാൽ, അതൊക്കെ മറച്ചുവയ്ക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. യാഥാർഥ്യം പൊതുമണ്ഡലത്തിൽ വരുമ്പോൾ അതിനെ ഭരണകൂടവുമായി ബന്ധിപ്പിക്കുന്നതിൽ കാര്യമില്ലെന്നും ടോം വടക്കൻ വ്യക്തമാക്കി.
