തെലങ്കാനയിലെ മഹാബുബാബാദ് ജില്ലയിലെ കേസമുദ്രം റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തുവന്ന ഒരു വീഡിയോ കാഴ്ചക്കാരെ ഭീതിയുടെ മുൾമുനയിൽ നിർത്തുകയാണ്. നിർത്തിയിട്ടിരുന്ന ഒരു ഗുഡ്സ് ട്രെയിനിനടിയിലൂടെ പ്ലാറ്റ്ഫോം കടക്കാൻ ശ്രമിച്ച ഒരു വ്യക്തി, ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ മരണത്തിൻ്റെ വക്കിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്നതാണ് ദൃശ്യങ്ങൾ. ട്രെയിൻ മുഴുവനായും തലയ്ക്ക് മുകളിലൂടെ കടന്നുപോകുമ്പോൾ ട്രാക്കുകൾക്കിടയിൽ നിശ്ചലനായി കിടന്ന ആ മനുഷ്യൻ്റെ സാഹസികത സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
മഹബൂബാബാദ് ജില്ലയിലെ കേസമുദ്രം റെയിൽവേ സ്റ്റേഷനിലാണ് അവിശ്വസനീയമായ ഈ സംഭവം അരങ്ങേറിയത്.
മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും, ഈ അശ്രദ്ധമായ പ്രവർത്തിയിൽ വ്യക്തിയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരങ്ങൾ. ഒരു കണ്ണ് നഷ്ടപ്പെടുകയും എല്ലുകൾക്ക് ഒടിയുകയും സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.
ശാരീരിക പരിക്കുകൾക്ക് പുറമെ, കടുത്ത ആഘാതം, ഭാവി ജീവിതത്തെക്കുറിച്ചുള്ള ആശങ്കകൾ, ഉപജീവനമാർഗ്ഗം വരെ ഭീഷണിയിലാക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയും അദ്ദേഹത്തെ അലട്ടുന്നു എന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തെക്കുറിച്ച് റെയിൽവേ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
