Home » Blog » Kerala » നാളെ വോട്ട് പോരാട്ടം; തദ്ദേശ തെരഞ്ഞെടുപ്പിന് ഇന്ന് നിശബ്ദ പ്രചാരണം
VVPAT-Election-voting

ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് തിരശ്ശീല വീഴുകയും ഇന്ന് നിശ്ശബ്ദ പ്രചാരണത്തിലേക്ക് കടക്കുകയും ചെയ്തു. മൈക്കുകളും കൊട്ടിക്കലാശങ്ങളുമില്ലാത്ത ഈ ദിവസം, വോട്ടർമാരുടെ മനസ്സ് നേരിട്ട് കീഴടക്കാനുള്ള അവസാനവട്ട തന്ത്രങ്ങളിലാണ് സ്ഥാനാർത്ഥികളും നേതാക്കളും. വീടുകൾ കയറിയുള്ള കൂടിക്കാഴ്ചകൾ, സൗഹൃദ സംഭാഷണങ്ങൾ, രഹസ്യ നീക്കങ്ങൾ എന്നിവയിലൂടെ പരമാവധി വോട്ടർമാരിലേക്ക് എത്താനാണ് ഈ ദിവസം രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നത്. വോട്ടെടുപ്പിന് മുന്നോടിയായുള്ള നിർണായകമായ ഈ മണിക്കൂറുകളിൽ, തങ്ങളുടെ വിജയം ഉറപ്പിക്കാനുള്ള തീവ്രമായ ശ്രമങ്ങളിലാണ് സ്ഥാനാർത്ഥികൾ.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലായി 11,168 വാർഡുകളാണ് പോളിംഗ് ബൂത്തിലെത്തുക. രാവിലെ ഏഴു മണി മുതൽ വൈകീട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ് സമയം. ഈ ഘട്ടത്തിൽ 36,630 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. പോളിംഗ് ആവശ്യമായ സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 9 മണി മുതൽ ആരംഭിക്കും. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയകൾക്കായി 1.80 ലക്ഷം ഉദ്യോഗസ്ഥരെയും 70,000 പോലീസുകാരെയുമാണ് നിയോഗിച്ചിട്ടുള്ളത്.

പോളിംഗ് നടക്കുന്ന ഏഴ് ജില്ലകളിലും ഇന്നലെ കൊട്ടിക്കലാശം ഗംഭീരമായി നടന്നു. ആയിരക്കണക്കിന് പ്രവർത്തകർ തെരുവിലിറങ്ങിയപ്പോൾ കേരളം തദ്ദേശ തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ ചൂടറിഞ്ഞു. താളവാദ്യങ്ങളും മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ തങ്ങളുടെ മുന്നണി സ്ഥാനാർഥികളെ സ്വീകരിച്ചു. പലയിടത്തും സ്ഥാനാർത്ഥികൾ തന്നെ പൊതുപ്രകടനങ്ങൾ നയിച്ചു. റോഡ് ഷോകളോടെയാണ് പല കേന്ദ്രങ്ങളിലും കലാശക്കൊട്ടിന് സമാപനമായത്.