തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലത്തിൽ ശ്രദ്ധേയമായ വിജയം നേടി ‘ഒരുത്തീ’ സിനിമയ്ക്ക് പ്രചോദനമായ കഥാപാത്രം സൗമ്യ. കൽപറ്റ നഗരസഭയിലെ 12-ാം വാർഡായ എമിലിത്തടത്തിൽ നിന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായ സൗമ്യ, യുഡിഎഫിലെ റംല സുബൈറിനെ പരാജയപ്പെടുത്തി വിജയം സ്വന്തമാക്കിയത്.
മാല പൊട്ടിച്ചോടിയ കള്ളന്മാരെ ധൈര്യപൂർവ്വം പിന്തുടർന്ന് പിടികൂടി ശ്രദ്ധേയയായ വ്യക്തിയാണ് സൗമ്യ. ഈ സംഭവം പിന്നീട് വി.കെ. പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തീ’ എന്ന സിനിമയ്ക്ക് പ്രചോദനമാകുകയായിരുന്നു. സിനിമയ്ക്ക് പിന്നാലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയ സൗമ്യയെ നാട്ടുകാർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്റെ തെളിവാണ് ഈ മിന്നും വിജയം. നാട്ടിലെ ജനകീയ മുഖവും, സിപിഐയുടെ ജില്ലയിലെ പ്രധാന യുവനേതാക്കളിൽ ഒരാളുമാണ് സൗമ്യ. കൊല്ലം മൈനാഗപ്പള്ളി സ്വദേശിനിയായ സൗമ്യ, ഭർത്താവ് ഷൈജുവിന് ജോലിയിൽ സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്നാണ് 2017-ൽ വയനാട്ടിൽ എത്തുന്നത്.
