നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പ്രസ്താവനക്കെതിരെ ആരോഗ്യമന്ത്രി വീണ ജോർജ്ജ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമാണ് അടൂർ പ്രകാശ് നടത്തിയത് എന്ന് മന്ത്രി തുറന്നടിച്ചു. അടൂർ പ്രകാശിന്റെ വാക്കുകളിലൂടെ കോൺഗ്രസ് പാർട്ടിയുടെ സ്ത്രീവിരുദ്ധ നിലപാടാണ് വ്യക്തമാകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതിജീവിതക്ക് ഒപ്പം തുടർന്നും ഉണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ് ഉറപ്പിച്ചു പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അതിജീവിത ധീരമായ നിശ്ചയദാർഢ്യത്തോടെയാണ് നിലപാടെടുത്തതെന്നും, ആ നിലപാടാണ് ഈ പോരാട്ടത്തെ മുന്നോട്ട് നയിച്ചതെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ എന്നും അതിജീവിതക്ക് ഒപ്പമാണ് നിലകൊണ്ടിട്ടുള്ളതെന്നും മന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു.
