പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ സർഗ്ഗശേഷിക്ക് നിറംപകരാൻ സമഗ്ര ശിക്ഷാ കേരളം ആലപ്പുഴ, തുറവൂർ ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ ‘പൂമ്പാറ്റക്കൂട്ടം’ ദ്വിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. കോടംതുരുത്ത് ഗവ. വി.വി.എച്ച്.എസ്.എസിൽ ഡിസംബർ 30,31 ലായി നടക്കുന്ന ക്യാമ്പ് ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ പുറത്തെടുക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താനും ഇത്തരം കൂട്ടായ്മകൾ അത്യന്താപേക്ഷിതമാണ്. കുട്ടികൾക്ക് ആത്മവിശ്വാസവും സന്തോഷവും പകരുന്ന വേദിയായി പൂമ്പാറ്റക്കൂട്ടം മാറുമെന്നും എം.എൽ. എ പറഞ്ഞു.
ചടങ്ങിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്യാമള രവീന്ദ്രൻ, എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിനീഷ് , പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി. വിക്രമൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹെലൻ കുഞ്ഞുകുഞ്ഞ്,സീനിയർ അധ്യാപിക ബബിത വി, തുറവൂർ ബി.പി.സി. അനുജ ആന്റണി, ബി.ആർ.സി. ട്രെയിനർമാരായ ശ്രീദേവി കെ.എസ്.,ജി ജയശ്രീ, സ്പെഷ്യൽ എഡ്യൂക്കേറ്റർ എ കെ ബീന, സ്പെഷ്യലിസ്റ്റ് അധ്യാപകൻ ലെതിൻ ജിത്ത്, രക്ഷകർത്താക്കളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പാണാവള്ളി പഞ്ചായത്ത് കുട്ടികൾക്കായി മധുരപലഹാരങ്ങളും, കോടംതുരുത്ത് പഞ്ചായത്ത് ഉപഹാരങ്ങളും വിതരണം ചെയ്തു. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ കുട്ടികളുടെ മാനസിക ഉല്ലാസത്തിനും കഴിവുകൾ പ്രകടിപ്പിക്കാനുമുള്ള വിവിധ കലാ-കായിക പരിപാടികൾക്ക് പ്രകത്ഭരായ അധ്യാപകർ നേതൃത്വ നൽകും.
