പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ ഒന്‍പതിന് എല്ലാ ബൂത്തുകളിലും ബി.എല്‍.ഒ, ബി.എല്‍.എ യോഗം ചേരും. ബൂത്തുകളില്‍ യോഗം നടന്നില്ലെങ്കില്‍ വില്ലേജ് ഓഫീസുകളിലോ ബൂത്ത്‌ലെവല്‍ ഓഫീസര്‍മാര്‍ക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിലോ ബി.എല്‍.ഒ, ബി.എല്‍.എ യോഗം നടത്തുമെന്ന് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു. കാസര്‍കോട് ജില്ല പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ 99.92 ശതമാനം എന്യുമറേഷന്‍ ഫോം ഡിജിറ്റലൈസ് ചെയ്തു. ഒന്നാം സ്ഥാനത്താണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ 22821 പേരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സ്ഥലം മാറി പോയവര്‍ 20699, മരിച്ചവര്‍ 18091, ഇരട്ടിപ്പ് വന്നവര്‍ 2425 ആ ഫോം തിരിച്ചേല്‍പ്പിക്കാത്തവര്‍ 3401 ഉള്‍പ്പെടെആകെ 67437 പേരാണ് അവശേഷിക്കുന്നത്. ഇതുവരെ ഫോം തിരിച്ച് ഏല്‍പ്പിക്കാനുള്ളവര്‍ ഡിസംബര്‍ 11ന് രാവിലെ 11നകം ബി.എല്‍.ഒ മാര്‍ക്ക് പൂരിപ്പിച്ച ഫോം തിരികെ നല്‍കണമെന്നും ബി.എല്‍.ഒമാര്‍ അത് റോള്‍ബാക്ക് ഓപ്ക്ഷന്‍ ഉപയോഗിച്ച് പൂര്‍ത്തീകരിക്കുമെന്നും ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു.
വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ മികച്ച നേട്ടം കൈവരിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലാ കളക്ടറെയും ഉദ്യോഗസ്ഥരെയും രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ അഭിനന്ദിച്ചു. ജില്ലാകളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍.ഗോപകുമാര്‍ ജൂനിയര്‍ സൂപ്രണ്ട് എ.രാജീവ് വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ എം.രാജീവന്‍ നമ്പ്യാര്‍, വി.രാജന്‍, ഉമ്മര്‍ പടലടുക്ക, പി.രമേശ് ഹാരിസ് ചൂരി എന്നിവര്‍ സംസാരിച്ചു.
