8878bf23ea28feaaaf55a14a793376348f3de603db3c7f8d05348f7c52f648d8.0

ദീപാവലിയോടനുബന്ധിച്ച് തമിഴ്നാട്ടിൽ മദ്യവിൽപനയിൽ റെക്കോർഡ് വർദ്ധനവ്. സംസ്ഥാനത്തെ മദ്യവിൽപന ശാലകളായ ടാസ്മാക് വഴി മൂന്ന് ദിവസം കൊണ്ട് വിറ്റഴിച്ചത് 790 കോടി രൂപയുടെ മദ്യമാണ്.

ദീപാവലി സീസണിൽ 600 കോടി രൂപയുടെ വിൽപ്പനയാണ് തമിഴ്‌നാട് സർക്കാർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 438 കോടി രൂപയുടെ വിൽപ്പനയെ അപേക്ഷിച്ച് വലിയ റെക്കോർഡാണ് ഇത്തവണ സ്വന്തമാക്കിയത്. ഇത് പ്രതീക്ഷിച്ചതിലും 190 കോടി രൂപയുടെ അധിക വിൽപ്പനയാണ്.

വിൽപനയിൽ മുൻപന്തിയിൽ നിന്നത് മധുരൈ സോണാണ്. മധുരൈ സോണിൽ 170 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ചെന്നൈ സോണിൽ 159 കോടി രൂപയുടെ മദ്യമാണ് വിറ്റത്. സാധാരണ ദിവസങ്ങളിൽ സംസ്ഥാനത്തെ ടാസ്മാക്കുകളിൽ പ്രതിദിനം ഏകദേശം 150 കോടി രൂപയുടെ വിൽപ്പനയാണ് നടക്കുന്നത്. എന്നാൽ ദീപാവലി പ്രമാണിച്ച് വിൽപ്പനയിൽ 50 ശതമാനത്തിലധികം വർധനയുണ്ടായതായാണ് കണക്കുകൾ. സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ച് 2022-23 വർഷം ടാസ്മാക് വഴി 44,098.56 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *