സംസ്ഥാനത്തെ ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകുന്നേരം അവസാനിക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് കൊട്ടിക്കലാശം നടക്കുക. എന്നാൽ കട്ടപ്പനയിൽ ഇന്നലെ തന്നെ പ്രചാരണം അവസാനിപ്പിച്ചു. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ പരമാവധി ആവേശം നിറയ്ക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികളും മുന്നണികളും. ഈ ഏഴ് തെക്കൻ ജില്ലകളിൽ മറ്റന്നാളാണ് വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം, തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ ഡിസംബർ 11-നാണ് വോട്ടെടുപ്പ്. ഡിസംബർ 13 ശനിയാഴ്ചയാണ് വോട്ടെണ്ണൽ.
ഇടുക്കിയിലെ കട്ടപ്പനയിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണ സമാപനത്തോടനുബന്ധിച്ചുള്ള കൊട്ടിക്കലാശം ഇന്നലെ നടന്നു. ഞായറാഴ്ച ടൗണിലെ കടകൾക്ക് അവധിയായതിനാലാണ് എൽഡിഎഫും എൻഡിഎയും ഒരു ദിവസം നേരത്തെ, അതായത് ഇന്നലെ വൈകുന്നേരം കൊട്ടിക്കലാശം സംഘടിപ്പിച്ചത്. അതേസമയം, യുഡിഎഫ് പ്രവർത്തകർ ഇന്ന് വൈകിട്ടാണ് കൊട്ടിക്കലാശം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
