എറണാകുളം ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിലേക്ക് മത്സരിക്കാനിരുന്ന യുഡിഎഫ് സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധനയിൽ തള്ളിയത് മുന്നണിക്ക് വലിയ തിരിച്ചടിയായി. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റു കൂടിയായ അഡ്വ. എൽസി ജോർജിന്റെ പത്രികയാണ് തള്ളിയത്.
നാമനിർദേശ പത്രികയിൽ ഡിവിഷന് പുറത്തുള്ള ഒരാളാണ് എൽസി ജോർജിനെ പിന്തുണച്ചത്. ഈ സാങ്കേതിക പിഴവാണ് പത്രിക തള്ളാൻ പ്രധാന കാരണം. യുഡിഎഫിന് ഡമ്മി സ്ഥാനാർത്ഥി ഇല്ലാത്തതിനാൽ, ഇതോടെ കടമക്കുടി ഡിവിഷനിൽ എൽഡിഎഫ് – ബിജെപി സ്ഥാനാർത്ഥികൾ മാത്രമാണ് മത്സരരംഗത്ത് അവശേഷിക്കുന്നത്.
ഇതിനുപുറമെ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിന് തിരിച്ചടി നേരിട്ടു. ഒന്നാം ഡിവിഷനായ മനയ്ക്കപ്പടിയിൽ പത്രിക നൽകിയ സെറീന ഷാജിയുടേയും, 11-ാം ഡിവിഷനായ വരാപ്പുഴയിൽ പത്രിക നൽകിയ ജോൺസൺ പുനത്തിലിന്റെയും പത്രികകളാണ് സൂക്ഷ്മ പരിശോധനയിൽ തള്ളിയത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി എറണാകുളം ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിന് ഈ സംഭവങ്ങൾ വലിയ ആശങ്കയാണ് നൽകിയിരിക്കുന്നത്.
