ചെങ്ങന്നൂരിൽ പ്രഖ്യാപനം നടത്തുക പി.സി. ജോർജ്, ആലപ്പുഴയിൽ ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ബിജെപി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, ആലപ്പുഴയിലെ ബിജെപി നോർത്ത്, സൗത്ത് ജില്ലാ കമ്മിറ്റികൾ ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. സൗത്ത് ജില്ലയിൽ നാല് നിയോജക മണ്ഡലങ്ങളിലായാണ് പ്രഖ്യാപന ചടങ്ങുകൾ നടക്കുക. രാവിലെ പത്ത് മണിക്ക് ചെങ്ങന്നൂരിൽ പി സി ജോർജ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. തുടർന്ന് മാവേലിക്കരയിൽ അഡ്വ. എസ് സുരേഷും, കായംകുളത്ത് അനൂപ് ആന്റണിയും പ്രഖ്യാപനം നടത്തും. വൈകുന്നേരം നാലുമണിക്ക് ഹരിപ്പാട് വെച്ച് അഡ്വ. ബി ഗോപാലകൃഷ്ണൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതോടെ ഇന്നത്തെ പ്രഖ്യാപന നടപടികൾ പൂർത്തിയാകും.
ആലപ്പുഴ ബിജെപി നോർത്ത് ജില്ലയിലെ സ്ഥാനാർത്ഥികളെ വൈകുന്നേരം മൂന്ന് മണിക്ക് പ്രഖ്യാപിക്കും. മുനിസിപ്പാലിറ്റി, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് തലങ്ങളിലെ എല്ലാ സീറ്റുകളിലേക്കുമുള്ള പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. എങ്കിലും, തർക്കങ്ങൾ നിലനിൽക്കുന്ന ചില സീറ്റുകളിലെ സ്ഥാനാർത്ഥി നിർണ്ണയം പിന്നീട് നടത്തുവാൻ സാധ്യതയുണ്ട്. അതേസമയം, ജില്ലയിൽ യുഡിഎഫ്, എൽഡിഎഫ് മുന്നണികളിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്, അടുത്ത ദിവസങ്ങളിൽ തന്നെ അവരുടെ പ്രഖ്യാപനവും പ്രതീക്ഷിക്കാം.
