തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ തൃശ്ശൂര്‍ ജില്ലാ പരിധിയിലെ വ്യക്തികള്‍ ലൈസന്‍സുള്ള ആയുധം കൈവശം വയ്ക്കുന്നതും കൊണ്ടുനടക്കുന്നതും നിരോധിച്ച്കൊണ്ട് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ അര്ജുന് പാണ്ഡ്യന് ഉത്തരവിറക്കി. ആരെങ്കിലും ആയുധം കൈവശം വെച്ചാല്‍ സി.ആര്.പി.സി ചട്ടം 1973 സെക്ഷന്‍ 144 (2023 ലെ ബി.എന്‍.എസ്.എസ് സെക്ഷന്‍ 163) പ്രകാരം ജില്ലാ മജിസ്ട്രേറ്റ് നടപടികള്‍ സ്വീകരിക്കും.
തോക്കുപയോഗിച്ച് കായിക ഇനങ്ങളില്‍ പങ്കെടുക്കുന്ന ദേശീയ റൈഫിള്‍സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കായികതാരങ്ങള്‍ക്കും നിയമപ്രകാരവും ആചാരപ്രകാരവും ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവകാശമുള്ള സമുദായങ്ങള്‍ക്കും വിലക്ക് ബാധകമായിരിക്കില്ല. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് വരെയാണ് നിരോധനം.
