തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല പശ്ചാത്തലമാക്കി തയ്യാറാക്കിയ പ്രചാരണ പോസ്റ്ററുകളെ സംബന്ധിച്ചുള്ള പരാതികൾ വിശദമായി പരിശോധിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കളക്ടർമാർക്ക് നിർദേശം നൽകി. ഇത്തരം പ്രചാരണ പോസ്റ്ററുകൾ മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയിൽ വരുമെന്നതിനാലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടത്.
മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, പോസ്റ്ററുകളും ലഘുലേഖകളും അച്ചടിക്കുമ്പോൾ അത് ആരാണ് അച്ചടിച്ചതെന്ന് വ്യക്തമാക്കണം. ഇത് പാലിക്കാതെയും മതപരമായ ചിഹ്നങ്ങൾ ഉപയോഗിച്ചുകൊണ്ടുമുള്ള ലഘുലേഖകൾ പ്രചരിക്കുന്നുണ്ട് എന്ന പരാതികളെത്തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ നടപടിക്കൊരുങ്ങുന്നത്. ഇതോടൊപ്പം, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട ശബ്ദ നിയന്ത്രണത്തെക്കുറിച്ചുള്ള പരാതികളിൽ കർശന നിലപാട് സ്വീകരിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്
തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദേശപ്രകാരം, പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണം. ഈ അവസരത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
