Home » Top News » Uncategorized » ഡിസംബർ 7 വിവാഹം നടക്കും എന്നത് വ്യാജവാർത്ത; പലാഷുമായുള്ള ബന്ധം സ്മൃതി മന്ദാന അവസാനിപ്പിച്ചോ?
SMRITHI-680x450 (1)

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും പലാഷ് മുച്ചലുമായുള്ള വിവാഹം ഡിസംബർ 7-ന് നടക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് സഹോദരൻ ശ്രാവൺ മന്ദാന രംഗത്തെത്തി. ഇത്തരം അഭ്യൂഹങ്ങളെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും നിലവിലെ സാഹചര്യത്തിൽ വിവാഹം മാറ്റിവെച്ചിരിക്കുകയാണെന്നും സ്മൃതിയുടെ സഹോദരൻ ഹിന്ദുസ്ഥാൻ ടൈംസിനോട് വ്യക്തമാക്കി.

ഇപ്പോൾ പ്രചരിക്കുന്ന തീയതികളെല്ലാം തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ശ്രാവൺ കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം 23-ന് നടക്കേണ്ടിയിരുന്ന വിവാഹം, സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനയുടെ ആരോഗ്യസ്ഥിതി പെട്ടെന്ന് മോശമായതിനെ തുടർന്നാണ് മാറ്റിവെച്ചത്. പിന്നാലെ, പലാഷ് മുച്ചലിന്റെ വഴിവിട്ട ബന്ധങ്ങളാണ് വിവാഹം മാറ്റിവെക്കാൻ കാരണമായതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

മേരി ഡി കോസ്റ്റയെന്ന യുവതിയാണ് പലാഷുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഇതിനെക്കുറിച്ചോ വിവാഹം മുടങ്ങിയതിനെക്കുറിച്ചോ ഇരു കുടുംബങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാഹം മാറ്റിവെച്ചതിന് പിന്നാലെ, സ്മൃതിയും ഇന്ത്യൻ ടീമിലെ അടുത്ത സുഹൃത്തുക്കളായ ജെമീമ റോഡ്രിഗസ്, ശ്രേയങ്ക പാട്ടീൽ എന്നിവരും വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നു. പലാഷ് മുംബൈ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിന് നടുവിൽ നിന്ന് പ്രെപ്പോസ് ചെയ്യുന്ന വീഡിയോ അടക്കം സ്മൃതി ഡിലീറ്റ് ചെയ്തിരുന്നു. അതേസമയം, പലാഷ് മുച്ചലിന്റെ സമൂഹമാധ്യമങ്ങളിൽ ഈ പോസ്റ്റുകൾ ഇപ്പോഴും ലഭ്യമാണ്. 2019-ൽ പ്രണയത്തിലായ ഇരുവരും 2024-ലാണ് ബന്ധം പരസ്യമാക്കിയത്.