ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ കൊല്ലം സിറ്റി ഡാൻസാഫ് സംഘവും കൊല്ലം ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. ചാത്തന്നൂർ ഇത്തിക്കര മീനാട് സ്വദേശി രാഹുൽ (23), തഴുത്തല മൈലക്കാട് സ്വദേശി സുഭാഷ് ചന്ദ്രൻ (27) എന്നിവരാണ് പിടിയിലായത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റെയിൽവേ സ്റ്റേഷനുകൾ, കെഎസ്ആർടിസി ഡിപ്പോകൾ എന്നിവിടങ്ങളിലടക്കം പോലീസ് പരിശോധന ശക്തമാക്കിയതിനിടയിലാണ് ഈ കഞ്ചാവ് വേട്ട.
സംശയകരമായ സാഹചര്യത്തിൽ രണ്ട് ബാഗുകളുമായി കണ്ടെത്തിയ യുവാക്കളെ വിശദമായി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ കൊല്ലം നഗരത്തിൽ നടന്ന നാലാമത്തെ വൻ കഞ്ചാവ് വേട്ടയാണിത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി, കഞ്ചാവിന്റെ ഉറവിടം കണ്ടെത്താനും മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാനും വിശദമായി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.
