Home » Top News » Kerala » ഞാൻ ഉദ്ദേശിച്ചത് അങ്ങനെയല്ല; കാന്താര’യിലെ ചാമുണ്ഡിയെ അനുകരിച്ചതിൽ ക്ഷമ ചോദിച്ച് രൺവീർ സിംഗ്
Screenshot_20251203_153901

ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന വേദിയിൽ ഋഷഭ് ഷെട്ടിയെ മുന്നിലിരുത്തി ‘കാന്താര’യിലെ പ്രകടനം അനുകരിച്ചതിൽ ക്ഷമാപണവുമായി നടൻ രൺവീർ സിംഗ്. സിനിമയിൽ ഋഷഭ് അവതരിപ്പിച്ച ‘ദൈവ ചാമുണ്ഡി’ എന്ന ദൈവസങ്കൽപ്പത്തെ അനുകരിച്ചത് വികൃതമായിപ്പോയെന്നും അനൗചിത്യമാണെന്നും വിമർശനം ഉയർന്നതോടെയാണ് രൺവീർ മാപ്പ് പറഞ്ഞത്. ചാമുണ്ഡിയെ വിശ്വസിക്കുന്നവരെ അടക്കം അപമാനിച്ചെന്നും വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് നടൻ ഇൻസ്റ്റഗ്രാം സ്റ്റോറിയായി ക്ഷമാപണ കുറിപ്പിട്ടത്.

ഈ രാജ്യത്തെ എല്ലാ സംസ്കാരത്തെയും പാരമ്പര്യത്തെയും വിശ്വാസത്തെയും ബഹുമാനിക്കുന്നു. ഋഷഭിന്റെ അവിശ്വസനീയ പ്രകടനം വലിയ അധ്വാനമാണ് എന്ന് കാണിക്കാനാണ് ശ്രമിച്ചത്. എന്നാൽ ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് രൺവീർ ക്ഷമാപണ കുറിപ്പിൽ കുറിച്ചു.

തീരദേശ കർണാടകയിലെ ദൈവസങ്കൽപ്പമാണ് ‘ദൈവ ചാമുണ്ഡി’. നടൻ ഈ വികാരത്തെ വ്രണപ്പെടുത്തി എന്നായിരുന്നു ആരോപണം. ഇന്ത്യൻ സിനിമയെ ‘കാന്താര’ ഫ്രാഞ്ചൈസി സ്വാധീനിച്ചത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് ബോളിവുഡ് താരം. ചാമുണ്ഡിയെ ‘പെൺ പ്രേതം’ എന്ന് വിശേഷിപ്പിച്ച രൺവീർ ഈ കഥാപാത്രത്തെ അവതരിപ്പിച്ചതാണ് വിഷയം കൂടുതൽ വഷളാക്കിയത്. കണ്ണുകൾ വക്രീകരിച്ച്, നാവ് പുറത്തിട്ട് വിചിത്രമായ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടായിരുന്നു രൺവീറിന്റെ പ്രകടനം. ഇത് കണ്ട് സദസിൽ ഇരിക്കുന്ന ഋഷഭ് ഷെട്ടി ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ വിമർശനം ഉയർന്നു. സാംസ്കാരികമായ വിശ്വാസങ്ങളെ അപമാനിക്കരുത് എന്നാണ് ഭൂരിപക്ഷവും ചൂണ്ടിക്കാട്ടിയത്. ഋഷഭ് എന്തിനാണ് ഈ ‘കോമാളിത്തരം’ കണ്ട് ആസ്വദിക്കുന്നത് എന്നും ചിലർ ചോദിച്ചു. എന്നാൽ, രൺവീറിനെ ഋഷഭ് വിലക്കിയിരുന്നെന്നും അത് വകവയ്ക്കാതെയായിരുന്നു നടന്റെ വേദിയിലെ പ്രകടനം എന്നും റിപ്പോർട്ടുകളുണ്ട്