Home » Blog » Top News » ജില്ലയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി വേണമെന്ന് ജില്ലാ വികസന സമിതിയോഗം. മലപ്പുറം:
images (15)

ഏറ്റവും ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി, സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഗണ്യമായ കുറവുണ്ടെന്നും ഇത് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജില്ലാ വികസന സമിതിയോഗം ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എമാരായ പി.അബ്ദുല്‍ ഹമീദ്, കുറുക്കോളി മൊയ്തീന്‍ എന്നിവരാണ് ആവശ്യമുന്നയിച്ചത്. ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളില്‍ ആരോഗ്യ വകുപ്പ് 202 സൂപ്പര്‍ സ്പെഷ്യാലിറ്റി, സ്പെഷ്യാലിറ്റി തസ്തികകള്‍ അനുവദിച്ചപ്പോള്‍ മലപ്പുറം ജില്ലയില്‍ ആകെ നാല് തസ്തികകള്‍ മാത്രമാണ് അനുവദിച്ചതെന്നും ജനസംഖ്യാനുപാതികമായ തസ്തികകള്‍ അനുവദിച്ചില്ലെന്നും എം.എല്‍.എമാര്‍ ഉന്നയിച്ചു. ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് 595 ഡോക്ടര്‍ തസ്തികകള്‍ സൃഷ്ടിക്കാനുള്ള പ്രപ്പോസല്‍ നല്‍കിയിട്ടുണ്ടെന്നു ഡി.എം.ഒ. മറുപടി നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ മുഖേന ഈ വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദ് നിര്‍ദേശിച്ചു.

 

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ അര്‍ബുദ രോഗികള്‍ക്ക് മരുന്നിന് വളരെയധികം കാലതാമസം നേരിടുന്നുണ്ടെന്നും പണമടച്ചിട്ടും കെ.എം.സി.എല്ലില്‍ നിന്ന് മരുന്ന് ലഭ്യമാകുന്നല്ലെന്നും ഈ പ്രതിസന്ധി പരിഹരിക്കണമെന്നും കുറുക്കോളി മൊയതീന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. കെ.എം.സി.എല്ലില്‍ ബന്ധപ്പെട്ട് ഈ വിഷയത്തില്‍ അടിയന്തര പരിഹാരം കാണണമെന്ന് ജില്ലാ കളക്ടര്‍ ഡി.എം.ഒ.ക്ക് നിര്‍ദേശം നല്‍കി. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഞായര്‍ ഒഴികെ എല്ലാ ദിവസവും ക്യാന്‍സര്‍ ഒ.പി.യും കീമോ തെറാപ്പിയും നല്‍കി വരുന്നുണ്ടെന്ന് ഡി.എം.ഒ. യോഗത്തില്‍ അറിയിച്ചു. ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തില്‍ മതിയായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ മാമോഗ്രാം, കീമോതെറാപ്പി എന്നിവ ഒന്നിടവിട്ട ദിവസങ്ങളിലാണ് നടക്കുന്നതെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ. ഉന്നയിച്ച വിഷയത്തലാണ് ഡി.എം.ഒ അറിയിച്ചത്. മാമോഗ്രാം മെഷീന്‍ പ്രയോജനം രോഗികള്‍ക്ക് ഫലപ്രദമായി ലഭ്യമാക്കണമെന്നും എം.എല്‍.എ.ആവശ്യപ്പെട്ടു.

 

ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമൂഹികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയതു വഴി ഇവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചതോടാപ്പം ഒ.പി.സമയം വൈകീട്ട് ആറുവരെ വര്‍ധിപ്പിക്കാന്‍ സാധിച്ചുവെന്നു എന്‍.എച്ച്.എം. ഡി.പി.എം. യോഗത്തില്‍ അറിയിച്ചു. മാത്രമല്ല, ആശുപത്രികള്‍ ഭിന്നശേഷി സൗഹൃദമാക്കാന്‍ സാധിച്ചുവെന്നും സ്പെഷ്യലൈസ്ഡ് ചികിത്സകള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ 85 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായും 15 സി.എഎച്ച്.സി.കളെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളായും ഉയര്‍ത്തി അധിക പി.എസ്.സി.തസ്തികകള്‍ സൃഷ്ടിക്കാനും കഴിഞ്ഞു.

 

ദേശീയപാതയില്‍ എല്ലായിടത്തും സര്‍വീസ് റോഡുകള്‍ വണ്‍വേ ആക്കുന്നത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി പുനഃപരിശോധിക്കണമെന്നും വീതി കൂടിയ സ്ഥലങ്ങളായ യൂണിവേഴ്സിറ്റി, കോഹിനൂര്‍, ഇടിമൂഴിക്കല്‍ എന്നീ ഭാഗങ്ങള്‍ ടു വേ ആക്കണമെന്നും പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ.ആവശ്യപ്പെട്ടു. അപകടങ്ങള്‍ ഒഴിവാക്കാനായി പൊലീസ്, ആര്‍.ടി.ഒ. റിപ്പോര്‍ട്ട് പ്രകാരമാണ് തീരുമാനം എടുത്തതെന്നും വിഷയം വീണ്ടും പരിശോധിക്കാമെന്നും കളക്ടര്‍ അറിയിച്ചു.

 

ജില്ലയില്‍ എസ്.ഐ.ആറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും പുതുതായി വന്ന 784 പോളിങ് സ്റ്റേഷനുകളിലേയ്ക്ക് ബി.എല്‍.ഒ.മാരെ ഇന്ന് (ചൊവ്വ) നിയമിക്കുമെന്നും ബി.എല്‍.എ.മാരെ നിയമിക്കുന്നതില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ.യുടെ ചോദ്യത്തിന് മറുപടിയായാണ് ജില്ലാ കളക്ടര്‍ ഇക്കാര്യമറിയിച്ചത്. ജില്ലയില്‍ പൊന്നാനി, തവനൂര്‍ മണ്ഡലങ്ങളിലാണ് കൂടുതലാളുകളെ ഇനിയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാനായി കണ്ടെത്താനുള്ളത്. ബി.എല്‍.ഒ., ബി.എല്‍.എ മാര്‍ സംയുക്തമായി പരിശ്രമിക്കുന്നതിലൂടെ ഏറ്റവും മികച്ച രീതിയില്‍ എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം ജാഗ്രത പുലര്‍ത്തണമെന്ന കെ.പി.എ.മജീദ് എം.എല്‍.എ.ആവശ്യപ്പെട്ടു. എസ്.ഐ.ആറില്‍ പ്രവാസികളുടെ ജനനസ്ഥലം രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കണമെന്ന് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ആവശ്യപ്പെട്ടു.