Home » Blog » Kerala » ജനനായകൻ നാളെ എത്തില്ല, ഖേദം പ്രകടിപ്പിച്ച് നിർമ്മാതാക്കൾ
dgpwZlD059slOpYXRHJqa5Bt4UhZVu5DEpkV5ctc

വിജയ്‌യുടെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമായ ജനനായകനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ സിനിമയുടെ റിലീസ് സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. സെൻസർ സർട്ടിഫിക്കറ്റിനായി നിർമാതാക്കൾ നൽകിയ ഹർജിയിൽ വിധി ഇന്നും ഉണ്ടായില്ലെന്ന് വിവരമാണ് പുറത്തുവരുന്നത്. ജനുവരി 9നു ജനനായകൻ തിയേറ്ററിൽ എത്തില്ലെന്നും സിനിമയുടെ റിലീസ് മാറ്റിവെച്ചെന്നും നിർമാതാക്കൾ ഔദ്യോഗികമായി അറിയിച്ചു.

സിനിമയുടെ റിലീസ് നീട്ടിയതിൽ വിഷമം ഉണ്ടെന്നും പുതുക്കിയ തീയതി അറിയിക്കുമെന്നും കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു. പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉൾപ്പടെ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോഴിതാ പറഞ്ഞ തിയതിക്ക് റിലിസ് ഇല്ലെങ്കിൽ ജനനായകന് ടിക്കറ്റ് എടുത്തവർക്ക് പണം തിരികെ നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് തിയേറ്റർ ഉടമകൾ. ബുക്ക് മൈ ഷോയിൽ ടിക്കറ്റുകൾ ബുക്ക് ചെയ്തവരുടെ ടിക്കറ്റ് ക്യാൻസൽ ചെയ്തുവെന്ന മെസ്സേജുകൾ വന്നിട്ടുണ്ട്. പണം തിരികെ എത്തുമെന്നും അറിയിച്ചിട്ടുണ്ട്. സിനിമയുടെ വിദേശ വിതരണക്കാരും സിനിമ മാറ്റിവെച്ചതായി അറിയിക്കുന്നുണ്ട്.

ചിത്രം രണ്ടാമതും സെൻസറിങ്ങിന് വിധേയമായതോടെ സർട്ടിഫിക്കറ്റ് ലഭിക്കാൻ ചിത്രത്തിന്റെ നിർമാതാക്കൾ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞില്ല. ജനനായകന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്ന 9ന് രാവിലെ വിധി പ്രസ്താവിക്കാനാണ് സാധ്യത. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) പുതിയ കമ്മിറ്റി ജനനായകൻ പുനഃപരിശോധിക്കുമെന്ന് ബുധനാഴ്ചത്തെ വാദം കേൾക്കുന്നതിനിടെ കോടതി അറിയിച്ചു. ചിത്രം വിദ​ഗ്ധർ കാണണമെന്നാണ് സെൻസർ ബോർഡ് വാദം. ജനനായകന് 27 കട്ടുകൾ വരുത്തിയതായി നിർമാതാക്കൾ പറഞ്ഞു.

ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകൾക്ക് അനുമതി നൽകുന്നതിനുമുമ്പ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സർട്ടിഫിക്കേഷൻ ആവശ്യമാണ്. ഈ കാലതാമസം ‘ജനനായകൻന്റെ റിലീസ് പ്രതിസന്ധിയിലാക്കി. സിനിമ സെൻസർഷിപ്പ് വിവാദത്തിൽപ്പെട്ടതോടെ ചില ന​ഗരങ്ങളിൽ ബുക്ക് മൈഷോയിൽ നിന്നും ജനനായകന് ഇപ്പോൾ ടിക്കറ്റ് ബുക്കിങ് അനുവദിക്കുന്നില്ലെന്ന് റിപ്പോർട്ടുണ്ട്.