അമിർ ഖാൻ-അസിൻ എന്നിവർപ്രധാന വേഷങ്ങളിൽ എത്തിയ ‘ഗജിനി’ ബോളിവുഡിലെ ഏറ്റവും വിലയ ഹിറ്റുകളില്‍ ഒന്നായിരുന്നു. സൂര്യയെ നായകനാക്കി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത ഇതേ പേരിലുള്ള തമിഴ് ചിത്രത്തിന്റെ റീമേക്ക് ആയിരുന്ന ഈ സിനിമ. ക്രിസ്റ്റഫർ നോളന്റെ ‘മെമന്റോ’ എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മുരുഗദോസ് ‘ഗജിനി’ ഒരുക്കിയത്. വർഷങ്ങള്‍ക്ക് ശേഷം സിനിമ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുകയാണ്..
ഗജിനി’യിലെ ഐക്കോണിക്കായ ഒരു സീനിന് ഫ്രഞ്ച് ചിത്രവുമായുള്ള സാമ്യത ചൂണ്ടിക്കാട്ടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അസിന്റെ കൽപ്പന എന്ന കഥാപാത്രം കാഴ്ച പരിമിതിയുള്ള വ്യക്തിക്ക് വഴികാട്ടിയാകുന്ന ഒരു സീൻ ‘ഗജിനി’യിലുണ്ട്. ഇയാൾക്ക് കൽപ്പന പരിസര കാഴ്ചകൾ വിശദീകരിച്ചുകൊടുക്കുന്നുമുണ്ട്. ഈ സീൻ ‘അമലി’ എന്ന ഫ്രഞ്ച് ചിത്രത്തിൽ നിന്ന് കോപ്പി അടിച്ചതാണെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ചൂണ്ടിക്കാണിക്കുന്നത്.
ഴോൻ-പിയറി ഴൂനെറ്റ് സംവിധാനം ചെയ്ത ‘അമലി’ 2001ൽ ആണ് റിലീസ് ആയത്. ‘ഗജിനി’ക്കും വർഷങ്ങള്‍ക്ക് മുന്‍പ്. ഓഡ്രി ടൗട്ടോ അവതരിപ്പിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായ അമലി കാഴ്ചയില്ലാത്ത ഒരാൾക്കൊപ്പം കാഴ്ചകൾ വിശദീകരിച്ച് നീങ്ങുന്ന രംഗം പ്രശസ്തമാണ്. ഇതിൽ നിന്നാണ് മുരുഗദോസ് ഗജിനിയിലെ സീൻ എടുത്തത് എന്നാണ് വൈറലായ വീഡിയോയിൽ പറയുന്നത്.
