Home » Blog » Kerala » ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച റസ്സലിന്റെ ഐപിഎൽ വിരമിക്കലിന് പിന്നിൽ ‘കിംഗ് ഖാൻ’ ഇടപെടൽ; നിർണ്ണായക വെളിപ്പെടുത്താൽ
2fec250ddd7a38d61f279bf2cf0dc4cb2c6f53af58c4fe8f00c77d8ef181365d.0

വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടറും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഇതിഹാസ താരവുമായ ആൻഡ്രേ റസ്സൽ ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ നിന്ന് വിരമിച്ചത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. 2026 ഐപിഎൽ സീസണിന് മുന്നോടിയായി റസ്സലിനെ കൊൽക്കത്ത റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു ഈ അപ്രതീക്ഷിത തീരുമാനം. എന്നാൽ, ഈ വിരമിക്കൽ തീരുമാനത്തിന് പിന്നിലെ നിർണായകമായ വഴിത്തിരിവ് വെളിപ്പെടുത്തിയിരിക്കുകയാണ് കെകെആർ സിഇഒ വെങ്കി മൈസൂർ.

റസ്സലിന് ഉറക്കമില്ലാത്ത രാത്രികൾ

റസ്സലിനെ റിലീസ് ചെയ്യുക എന്ന തീരുമാനം ഇരുകൂട്ടർക്കും വളരെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു. 2014 മുതൽ കൊൽക്കത്തയിൽ കളിക്കുന്ന റസ്സൽ റിലീസിന് ശേഷം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.

“കൊൽക്കത്ത റിലീസ് ചെയ്തതിന് ശേഷം താൻ കുറച്ച് ദിവസങ്ങളിൽ ഉറക്കമില്ലാതെയിരുന്നെന്ന് റസ്സൽ പറഞ്ഞു. 2014 ന് ശേഷം ആദ്യമായി എങ്ങോട്ട് പോകുമെന്ന് ചിന്തിച്ച് അദ്ദേഹം ഒരുപാട് രാത്രികൾ പ്രയാസപ്പെട്ടു,” വെങ്കി മൈസൂർ പറഞ്ഞു.

കൊൽക്കത്ത ഫ്രാഞ്ചൈസിയുമായും ടീം ഉടമകളുമായും റസ്സൽ കാത്തുസൂക്ഷിച്ചിരുന്ന അടുത്ത ബന്ധമാണ് ഈ പ്രയാസത്തിന് കാരണം. മറ്റ് ടീമുകളുടെ ജേഴ്‌സിയിൽ തന്നെ കാണുന്നത് വിചിത്രമായി തോന്നുമെന്നും, അത് തനിക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകുമെന്നും റസ്സൽ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇതോടെ, മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടി ഇനി കളിക്കാനില്ലെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

ഷാരൂഖിന്റെ നിർണായക നിർദേശം

റസ്സൽ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് വെങ്കി മൈസൂർ ടീം ഉടമയും സൂപ്പർ താരവുമായ ഷാരൂഖ് ഖാനുമായി ചർച്ച ചെയ്തു. അപ്പോഴാണ് റസ്സലിന്റെ കരിയറിന് പുതിയ ദിശാബോധം നൽകിയ ആ നിർദേശം ഷാരൂഖ് മുന്നോട്ട് വെച്ചത്.

“റസ്സലിന് ടീമിന്റെ പരിശീലക സ്ഥാനം നൽകുകയെന്നതായിരുന്നു ഷാരൂഖിന്റെ നിർദേശം.”ഈ നിർദേശപ്രകാരം, 14 സീസൺ നീണ്ട ഐപിഎൽ കരിയറിന് വിരാമം കുറിച്ച റസ്സൽ ഇപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പുതിയ പവർ കോച്ചായി എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

റസ്സൽ: ഒരു ഇതിഹാസ പര്യവസാനം

2012-ൽ ഡൽഹി ഡെയർ ഡെവിൾസിലൂടെ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച റസ്സൽ 2014 മുതൽ കൊൽക്കത്തയുടെ അവിഭാജ്യ ഘടകമായിരുന്നു. 140 മത്സരങ്ങളിൽ നിന്ന് 174-ൽ അധികം സ്ട്രൈക്ക് റേറ്റിൽ 2651 റൺസും 123 വിക്കറ്റുകളും അദ്ദേഹം നേടി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായാണ് റസ്സലിനെ കണക്കാക്കുന്നത്. പുതിയ റോളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം KKR-ന് മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.