ഇൻസ്റ്റഗ്രാമിൽ അടക്കം സോഷ്യൽ മീഡിയകളിൽ എല്ലാം അടുത്തിടെ വൈറലായ ഗാനമാണ് ‘കുട്ടുമാ കുട്ടു’. പാട്ടിന് ചുവടുവെച്ചും എക്‌സ്പ്രഷന്‍സ് വാരിവിതറിയും പ്രമുഖരുടെ അടക്കം ഒരുപാട് റീല്‍സ് ഇതിനോടകം എത്തിക്കഴിഞ്ഞു. അക്കൂട്ടത്തിലേക്ക് പുതിയൊരു ടീം കൂടി എത്തിയിരിക്കുകയാണ്, ബേസില്‍ ജോസഫും കുടുംബവുമാണത്. ബേസിലും ഭാര്യ എലിസബത്തും മകള്‍ ഹോപ്പും ആണ് ‘കുട്ടുമാ കുട്ടു’ റീലുമായി എത്തിയിരിക്കുന്നത്.സെക്കന്റുകള്‍ മാത്രമുള്ള വീഡിയോ ഉടന്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. എക്‌സ്പ്രഷന്‍സിലും ചിരിയിലും ബേസിലിനെ മകള്‍ ഹോപ്പ് കടത്തിവെട്ടി എന്നാണ് പലരും കമന്റില്‍ കുറിക്കുന്നത്. ഭാര്യ എലിസബത്തും കലക്കിയെന്ന് കമന്റുകളുണ്ട്. ബേസില്‍ കുടുംബത്തിനൊപ്പം പങ്കുവെക്കുന്ന റീലുകള്‍ക്ക് നേരത്തെയും ആരാധകര്‍ ഏറെയുണ്ട്. ഇപ്പോള്‍ ഹോപ്പിനും ഫാന്‍സ് ആയിരിക്കുകയാണ് എന്നാണ് കമന്റുകള്‍.
2025 അവസാനത്തോടെയാണ് ‘കുട്ടുമാ കുട്ടു’ എന്ന പാട്ട് ഇന്‍സ്റ്റഗ്രാമില്‍ വൈറലായത്. 2017ല്‍ പുറത്തിറങ്ങിയ ഈ നേപ്പാളി ഗാനത്തിലെ ചെറിയൊരു ഭാഗമായിരുന്നു ഇന്‍സ്റ്റാ യൂസേഴ്‌സിന്റെ ഹൃദയം കവര്‍ന്നത്. പിന്നാലെ ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകലെല്ലാം ‘കുട്ടുമാ കുട്ടു’ നിറഞ്ഞു. കേരളത്തിലും ഗാനവും റീലും അതിവേഗമാണ് വൈറലായത്.
അതേസമയം, ബേസില്‍ അതിഥി വേഷത്തിലെത്തിയ പരാശക്തി എന്ന തമിഴ് ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ജനുവരി 9നാണ് ചിത്രം തിയേറ്ററുകളിലെത്തുക. പൊന്മാന്‍ എന്ന ചിത്രത്തിലൂടെ 2025ല്‍ തമിഴ് പ്രേക്ഷകരുടെ കൂടി മനം കവര്‍ന്ന ബേസില്‍ തമിഴില്‍ ആദ്യമായി എത്തുന്ന ചിത്രം കൂടിയാകും പരാശക്തി. ഇതിനെല്ലാം ഇടയിലും ബേസിലിന്റെ അടുത്ത സംവിധാന സംരംഭത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
