മനസിൽ തോന്നുന്നത് മറച്ചുവയ്ക്കുന്ന ആളല്ല നടിയും രാജ്യസഭാംഗവുമായ ജയാ ബച്ചൻ. അഭിപ്രായങ്ങൾ ജയയുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാൻ സാധിക്കും. പരമാവധി അത് തുറന്നുപറയും. കല്യാണത്തേപ്പറ്റിയാണ് ഇത്തവണ നടി മനസുതുറന്നത്. ‘വി ദി വിമൻ’ പരിപാടിയിൽ മാധ്യമപ്രവർത്തക ബർഖ ദത്തയുമായി സംസാരിക്കുകയായിരുന്നു ജയാ ബച്ചൻ.
ബോളിവുഡ് താര ജോഡികളായ അമിതാബ്-ജയ ദമ്പതികളുടെ പ്രണയവും വിവാഹവും ഇപ്പോഴും സംസാരവിഷയമാണ്. എന്നാൽ, വിവാഹത്തെപ്പറ്റി ജയയുടെ സങ്കൽപ്പം വ്യത്യസ്തമാണ്. ‘വിവാഹം ഡൽഹിയിലെ ലഡു പോലെയാണ്. കഴിച്ചാലും പ്രശ്നം കഴിച്ചില്ലേലും പ്രശ്നം’ എന്നാണ് നാടൻ ശൈലിയിൽ അവർ പറഞ്ഞത്. കൊച്ചുമകൾ നവ്യ നന്ദയുടെ വിവാഹക്കാര്യവും നടി പരാമർശിച്ചു.
നവ്യക്ക് 28 വയസ് തികയുകയാണെന്ന് ജയാ ബച്ചൻ സൂചിപ്പിച്ചു. നവ്യ വിവാഹം കഴിക്കരുതെന്നാണ് തന്റെ ആഗ്രഹമെന്നും ജയ പറഞ്ഞു. വിവാഹം എന്ന വ്യവസ്ഥ കാലഹരണപ്പെട്ടുവെന്നാണ് നടിയുടെ അഭിപ്രായം. “ജീവിതം ആസ്വദിക്കൂ. (പേപ്പറിൽ ഒപ്പിടുന്നതായി ആംഗ്യം കാട്ടുന്നു) ചെയ്യേണ്ടതില്ല…പഴയ കാലത്ത് ഞങ്ങൾ രജിസ്റ്ററിൽ ഒപ്പിടുക പോലും ചെയ്തിരുന്നില്ല. പിന്നീട്, രജിസ്റ്ററിൽ ഒപ്പിടണമെന്ന് ഞങ്ങൾ മനസിലാക്കി. എത്ര വർഷമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടെന്ന് എനിക്ക് അറിയില്ല. അതിനർത്ഥം ഞങ്ങൾ നിയമവിരുദ്ധമായി ജീവിച്ചു എന്നാണ്, ” ജയ പറഞ്ഞു.
വിവാഹത്തെക്കുറിച്ച് അമിതാഭ് ബച്ചനും ഇതേ അഭിപ്രായം തന്നെയാണോ എന്ന ചോദ്യത്തിന് ‘അദ്ദേഹത്തോട് ചോദിച്ചിട്ടില്ല’ എന്നായിരുന്നു ജയയുടെ മറുപടി. ചിലപ്പോൾ, ‘തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്’ എന്ന് അദ്ദേഹം പറഞ്ഞേക്കാം. അത് കേൾക്കാൻ എനിക്ക് താൽപ്പര്യമില്ലെന്നും ജയാ ബച്ചൻ കൂട്ടിച്ചേർത്തു.വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഇപ്പോൾ മാറിയെങ്കിലും ആദ്യ കാഴ്ചയിൽ തന്നെ ബിഗ് ബിയുമായി പ്രണയത്തിലായെന്ന് ഒരു മടിയും കൂടാതെ ജയ സമ്മതിച്ചു. ആ നിമിഷം ഓർക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, “പഴയ മുറിവുകൾ കുഴിച്ചെടുക്കേണ്ടതുണ്ടോ?” എന്നായിരുന്നു ജയാ ബച്ചന്റെ മറുപടി.
