കുടുംബശ്രീ ജെന്‍ഡര്‍ കാമ്പയിന് ‘നയിചേതന 4.0 ഉയരെ’യുടെ ഭാഗമായ രംഗശ്രീ സംസ്ഥാനതല കലാജാഥ നഗരസഭാ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അന്‍സര്‍ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. നയി ചേതന മൂന്നാം ആഴ്ചയിലെ പോസ്റ്റര്‍ പ്രകാശനവും നിര്‍വഹിച്ചു.
ലിംഗസമത്വം, ലിംഗാവബോധം, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത, കുടുംബശ്രീ മുഖേന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലഭിക്കുന്ന വിവിധ പിന്തുണാ സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള ബോധവത്ക്കരണം എന്നിവയാണ് കലാജാഥയുടെ ലക്ഷ്യം. കുടുംബശ്രീയുടെ കമ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീ സംസ്ഥാന കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളായ വനിതകളാണ് കലാജാഥ അവതരിപ്പിക്കുന്നത. പ്രിയ ജോഷി, കലാമണി, ശാലിനി, ഷൈലജ കെ ബേബി, ജ്യോതിലക്ഷ്മി, റീജ, മിന്നു മോള്, ലക്ഷ്മി, അംബിക രാജന്, ഉഷ തോമസ്, വിനീത, ഷജീല സുബൈദ എന്നിവരാണ് രംഗശ്രീ കണ്‍സോര്‍ഷ്യം അംഗങ്ങള്‍.ജില്ലയില്‍ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, അടൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, തിരുവല്ല നഗരസഭയ്ക്ക് സമീപമാണ് കലാജാഥ നടത്തിയത്. ഫെബ്രുവരി മൂന്നിന് കാസര്‍ഗോഡ് കലാജാഥ സമാപിക്കും.
കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ എസ് ആദില, അസിസ്റ്റന്റ് ജില്ലാ മിഷന് കോഡിനേറ്റര്‍ കെ ബിന്ദു രേഖ, ജെന്‍ഡര്‍ പ്രോഗ്രാം മാനേജര്‍ പി ആര് അനൂപ, സിഡിഎസ് അധ്യക്ഷരായ പൊന്നമ്മ ശശി, ജലജകുമാരി, ഓമന രാജന്, ബിന്ദു അനില്‍, ലളിത സോമന് എന്നിവര്‍ പങ്കെടുത്തു.
