തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിൽ നിരോധിത പോളിസ്റ്റർ അടങ്ങിയ തുണി ഉപയോഗിക്കുന്നുവെന്ന പരാതികളിൽ നടപടികൾ കർശനമാക്കി തദ്ദേശസ്വയംഭരണ വകുപ്പ്. ജില്ലയിൽ ഓപറേഷൻ ഗ്രീൻ സ്വീപ് എന്ന പേരിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 676 പരിശോധനകൾ നടത്തുകയും 1200 കിലോ നിരോധിത ഫ്ലക്സ് ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയും 1,20,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
പോളിഎത്തിലിൻ, പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള 100 ശതമാനം കോട്ടൻ തുണി എന്നിവ ഉപയോഗിച്ച് മാത്രമേ ബോർഡുകളും ബാനറുകളും ഒരുക്കാൻ പാടുള്ളൂവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ക്യൂ.ആർ കോഡ് പതിപ്പിക്കുകയും റീസൈക്കിൾ ലോഗോ, സ്ഥാപനത്തിന്റെ പേര് എന്നിവ ഉൾപ്പെടുത്തുകയും വേണം.
നിരോധിത പോളിസ്റ്റർ മിക്സ്ഡ് തുണി പ്രിന്റിങ്ങിന് ഉപയോഗിക്കുകയും ക്യു.ആർ കോഡ്, റീസൈക്ലിക്ക് ലോഗോ എന്നിവ അനധികൃതമായി പതിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി ടി പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. നിരോധിത വസ്തുക്കൾ കൃത്യമായി തിരിച്ചറിയുന്നതിന് തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കായി നവംബർ 27ന് പരിശീലനം നടത്താനും തീരുമാനിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ്, ജില്ലാ ശുചിത്വമിഷൻ കോഓഡിനേറ്റർ ഇ.ടി രാകേഷ്, ഇന്റേണൽ വിജിലൻസ് ഓഫീസർമാരായ എ എൻ അഭിലാഷ്, ടി ഷാഹുൽ ഹമീദ്, പി ചന്ദ്രൻ, അനിൽകുമാർ നൊച്ചിയിൽ എന്നിവർ പങ്കെടുത്തു.
പ്രിന്റിങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കൾ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള ഉത്പന്നങ്ങളാണെന്ന് സ്ഥാനാർഥികൾ ഉറപ്പ് വരുത്തണമെന്ന് അധികൃതർ അറിയിച്ചു. തെറ്റായ ക്യു ആർ കോഡ്, ക്യു ആർ കോഡ് ഇല്ലാത്ത നിരോധിത ഉൽപ്പന്നങ്ങൾ എന്നിവ ശ്രദ്ധയിൽ പെട്ടാൽ 9446700800 എന്ന വാട്സപ്പ് നമ്പറിൽ അറിയിക്കാം.
അംഗീകൃത ഉൽപന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൊല്യൂഷൻ കൺട്രോൾ ബോർഡ് സർട്ടിഫിക്കറ്റ് ഉള്ള പോളി എത്തിലിൻ ഉപയോഗിച്ച ശേഷം ഹരിത കർമ്മസേനക്ക് കൈമാറിയാൽ കിലോയ്ക്ക് 5 രൂപ നൽകും.
