മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വൈഷ്ണ എസ്. എലിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഈ നടപടി അനീതിയാണെന്ന് കോടതി വ്യക്തമാക്കി.
“ഒരാൾ മത്സരിക്കാൻ ഇറങ്ങിയതാണ്. സ്ഥാനാർത്ഥിത്വവും പ്രഖ്യാപിച്ചു. ഈ ഘട്ടത്തിൽ രാഷ്ട്രീയ കാരണങ്ങളാൽ ഒഴിവാക്കുകയല്ല വേണ്ടത്,” ഹൈക്കോടതി പറഞ്ഞു.
വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേര് ഉൾപ്പെടുത്താനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു. ഇല്ലെങ്കിൽ കോടതി അസാധാരണ അധികാരം പ്രയോഗിക്കുമെന്നും മുന്നറിയിപ്പ് നൽകി.
“സാങ്കേതിക കാരണങ്ങളാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത്. ഒരു പെൺകുട്ടി മത്സരിക്കാൻ നിൽക്കുമ്പോഴാണോ ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത്?” എന്നും കോടതി ചോദിച്ചു.
