Home » Top News » Auto » ഒരു ദിവസം 1000-ത്തിലധികം ബുക്കിംഗുകൾ; ഞെട്ടിച്ച് ഹ്യുണ്ടായി
venuesuv-680x450

മിഡ് സൈസ് എസ്‌യുവി ശ്രേണിയിൽ ക്രെറ്റയിലൂടെ ആധിപത്യം സ്ഥാപിച്ച ഹ്യുണ്ടായി, കോംപാക്ട് എസ്‌യുവി സെഗ്മെന്റും വെന്യുവിലൂടെ സ്വന്തം കൈപ്പിടിയിലാക്കുക എന്ന ലക്ഷ്യത്തിലാണ് പുതുതലമുറ വെന്യു വിപണിയിൽ എത്തിച്ചത്. ഈ ലക്ഷ്യം വിജയകരമായി കൈവരിച്ചതിൻ്റെ സൂചനയാണ് വാഹന വിപണിയിൽ നിന്ന് ലഭിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഏകദേശം 32,000 ബുക്കിംഗുകളാണ് പുതിയ വെന്യു സ്വന്തമാക്കിയത്.

ഹ്യുണ്ടായി വെന്യുവിൻ്റെ രണ്ടാം തലമുറ മോഡൽ നവംബർ നാലിനാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഒരു മാസം പിന്നിട്ടതോടെയാണ് ബുക്കിംഗിൽ ഈ വൻ കുതിപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിദിനം ശരാശരി 1000-ൽ അധികം ബുക്കിംഗുകളാണ് വെന്യുവിന് ലഭിച്ചിരിക്കുന്നത്. 7.89 ലക്ഷം രൂപ മുതൽ 15.69 ലക്ഷം രൂപ വരെയാണ് (എക്‌സ്‌ഷോറൂം വില) ഈ വാഹനത്തിൻ്റെ ഏഴ് വേരിയന്റുകൾക്ക് വില വരുന്നത്.

ഡിസൈനിലും ഫീച്ചറുകളിലും വിസ്മയം

തികച്ചും പുതുമയുള്ള ഡിസൈനിലും നിരവധി അത്യാധുനിക ഫീച്ചറുകളിലുമാണ് രണ്ടാം തലമുറ വെന്യു എത്തിയിരിക്കുന്നത്. ബോൾഡ് എന്ന വിശേഷണം ഇണങ്ങുന്ന മുഖഭാവമാണ് പുതിയ വെന്യുവിലുള്ളത്. എൽഇഡി ഡിആർഎൽ, ക്വാഡ് ബീം എൽഇഡി ഹെഡ്‌ലാമ്പ്, മസ്‌കുലർ വീൽ ആർച്ചുകൾ, ഡാർക്ക് ക്രോം റേഡിയേറ്റർ ഗ്രില്ല്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ തുടങ്ങിയവ എക്സ്റ്റീരിയറിലെ ശ്രദ്ധേയമായ മാറ്റങ്ങളാണ്.

പുതിയ വെന്യുവിൻ്റെ സാങ്കേതിക മികവ് എടുത്തു കാണിക്കുന്നതാണ് ഡാഷ് ബോർഡിൽ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന പനോരമിക് ഡിസ്‌പ്ലേ. 12.3 ഇഞ്ച് വലിപ്പത്തിലുള്ള രണ്ട് സ്‌ക്രീനുകളിൽ ഒന്ന് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായും മറ്റൊന്ന് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായും പ്രവർത്തിക്കുന്നു. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് അഡ്ജസ്റ്റ് ഡ്രൈവർ സീറ്റ്, 2 സ്റ്റെപ്പ് റിക്ലൈനിങ് റിയർ സീറ്റ്, റിയർ എസി വെന്റ്, റിയർ വിൻഡോ സൺഷെയ്ഡ്, ലെതർ ആവരണം നൽകിയിട്ടുള്ള ആംറെസ്റ്റ് എന്നിങ്ങനെ നീളുന്നു മറ്റ് ഫീച്ചറുകൾ.