രക്താര്‍ബുദം മറികടക്കാന്‍ മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അനിവാര്യതയായ 14 കാരന് ചികിത്സയ്ക്കുള്ള ധനസമാഹരണവഴികള് തേടി ജില്ലാ ശിശുക്ഷേമ സമിതി. അഞ്ചാലുംമൂട് സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥി നന്ദകുമാര്‍ ഇപ്പോള്‍ തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലാണ്. രണ്ടുമാസത്തിനുള്ളില്‍ നടത്തേണ്ട ശസ്ത്രക്രിയക്കും തുടര്‍ ചികിത്സയ്ക്കുമായി 50 ലക്ഷം രൂപയാണ് ചിലവാകുക. കൂലിപ്പണിക്കാരായ രക്ഷിതാക്കള്‍ വിജയകുമാറിനും ധന്യക്കും താങ്ങാനാകാത്ത തുക.
ജില്ലാ ശിശുക്ഷേമ സമിതിയിലാണ് മകന്റെ ജീവന് രക്ഷിതാക്കള്‍ പിന്തുണതേടിയത്. ആദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായം ലഭ്യമാക്കാനായി ജില്ലാ കലക്ടറെ സമിതി സെക്രട്ടറി ഡി. ഷൈന്‍ദേവ് സമീപിച്ച് അനുകൂല സാഹചര്യം ഉറപ്പാക്കി. തുടര്ജീവിതപിന്തുണ നല്‍കാമെങ്കിലും ഭാരിച്ച തുക സമാഹരിക്കാന്‍ പൊതുസമൂഹത്തിന്റെകൂടെ പിന്തുണയാണ് തേടുന്നത്. ശിശുക്ഷേമസമിതിക്കൊപ്പം നില്ക്കുന്ന വിദ്യാര്‍ഥി-രക്ഷാകര്‍തൃ കൂട്ടായ്മയുടെ സഹായവും വേണ്ടിവരുമെന്ന് സെക്രട്ടറി വ്യക്തമാക്കി. വിവിധ സ്ഥാപനങ്ങളും വ്യക്തികളും കൂടി കൈകോര്‍ത്താല്‍ പ്രതീക്ഷകളുടെ ലോകത്തേക്ക് 14 കാരന് തിരികെയെത്താനാകും. സംഭാവന നല്‍കേണ്ട രക്ഷിതാവിന്റെ അക്കൗണ്ട് വിവരങ്ങള്‍ ചുവടെ:
Name: VIJAYAKUMAR M, A/c No: 10190100388500, IFSC Code: FDRL0001019. ഫോണ്‍ – 9447571111
