Home » Top News » Kerala » ഏകദിന ജേഴ്‌സിയിൽ തുടർന്നും കളിക്കണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണം: കോഹ്‌ലിക്കും രോഹിത്തിനും ഇനി ഇളവില്ലെന്ന് ബിസിസിഐ
9bbccb39ecc09c983538af5a658d0ccaa13d7899443a261e687406ed980842f9.0

വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഇന്ത്യൻ ഏകദിന ജേഴ്‌സിയിൽ തുടർന്നും കളിക്കണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ സജീവമാകണമെന്ന് ബിസിസിഐ കർശന നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച സന്ദേശം ഇരുവർക്കും കൈമാറിയിട്ടുണ്ട്. ബിസിസിഐയുടെ ആവശ്യം പാലിക്കുകയാണെങ്കിൽ, ഡിസംബർ 24-ന് ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ ഇരുവരും കളിക്കേണ്ടിവരും.

ഇന്ത്യയുടെ ഷെഡ്യൂൾ അനുസരിച്ച്, ഡിസംബർ 3 മുതൽ 9 വരെ നാട്ടിൽ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കും ജനുവരി 11 മുതൽ ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കും ഇടയിലാകും ഇവർക്ക് വിജയ് ഹസാരെ ട്രോഫിയിൽ കളിക്കേണ്ടി വരിക. നിലവിൽ കോഹ്‌ലിയും രോഹിതും ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ചെങ്കിലും ഏകദിന മത്സരങ്ങളിൽ തുടരുന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ ഈ നിർബന്ധം.

ബിസിസിഐയുടെ നിർദ്ദേശത്തോട് രോഹിത് ശർമ്മ അനുകൂലമായി പ്രതികരിച്ചതായാണ് റിപ്പോർട്ട്. വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ താൻ തയ്യാറാണെന്ന് രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ (എംസിഎ) അറിയിച്ചിട്ടുണ്ട്. മാത്രമല്ല, നവംബർ 26-ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിനും രോഹിത് സന്നദ്ധത അറിയിച്ചിട്ടുണ്ട്.

മുംബൈയിലെ ശരദ് പവാർ ഇൻഡോർ അക്കാദമിയിലാണ് അദ്ദേഹം നിലവിൽ പരിശീലനം നടത്തുന്നത്. എന്നാൽ, ലണ്ടനിൽ താമസിക്കുന്ന വിരാട് കോഹ്‌ലിയുടെ ലഭ്യതയെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല. എങ്കിലും കോഹ്‌ലി ആഭ്യന്തര ക്രിക്കറ്റ് കളിക്കുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ. കഴിഞ്ഞ മാസം, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാർ സജീവമാകേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്നു. കഴിഞ്ഞ മാസം ഓസ്ട്രേലിയയിൽ നടന്ന ഏകദിന പരമ്പരയിലാണ് കോഹ്‌ലിയും രോഹിത്തും അവസാനമായി കളിച്ചത്. അവസാന മത്സരത്തിൽ ഇരുവരുടെയും കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *