തദ്ദേശ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് പരാജയത്തിന് കാരണം വർഗ്ഗീയതയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിനെതിരെ ജനം വെറുപ്പോടെ പ്രതികരിച്ചെന്നും, ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മും കളിക്കുന്നതെന്നും സതീശൻ വിമർശിച്ചു. “സിപിഎം കളിച്ച ഭൂരിപക്ഷ വർഗ്ഗീയ പ്രീണനത്തിന്റെ ഗുണഭോക്താവാണ് ബിജെപി. സർക്കാരിനെ ജനം വെറുക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്ത അജണ്ടയാണ് തദ്ദേശ ഫലം,” വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിച്ച അദ്ദേഹം, തിളക്കമാർന്ന ജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്നും കൂട്ടിച്ചേർത്തു. “ഒരു നല്ല വാർത്താസമ്മേളനം നടത്തി രാഷ്ട്രീയം മനസിലാക്കും. വാക്ക് വാക്കാണ്,” എന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളോടും യുഡിഎഫിന് കടപ്പാടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് കാരണം ടീം യുഡിഎഫാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നു. യുഡിഎഫ് കുറെ പാർട്ടികളുടെ കൂട്ടായ്മ മാത്രമല്ല, സാമൂഹിക പ്രാധാന്യമുള്ള പൊളിറ്റിക്കൽ പ്ലാറ്റ്ഫോമാണ് എന്നും സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ എം.എം. മണി ജനങ്ങളെ ആക്ഷേപിച്ച് പോസ്റ്റിട്ടതിനെയും സതീശൻ കുറ്റപ്പെടുത്തി. “മുഖ്യമന്ത്രിയടക്കം മുതിർന്ന നേതാക്കളുടെ മനസിലിരിപ്പാണ് എം.എം. മണിയുടെ വിവാദ പോസ്റ്റെന്നും” അദ്ദേഹം ആരോപിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ കുതിപ്പാണ് യുഡിഎഫ് നടത്തിയത്. സംസ്ഥാനത്തെ ആറിൽ നാല് കോർപ്പറേഷനുകളിലും യുഡിഎഫ് ഭരണം പിടിച്ചെടുത്തു. കൊച്ചി, തൃശ്ശൂർ കോർപ്പറേഷനുകൾ യുഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് കോട്ടയായിരുന്ന കൊല്ലത്ത് യുഡിഎഫ് ചരിത്രജയമാണ് നേടിയത്. കണ്ണൂർ കോർപ്പറേഷനിലെ ഭരണം യുഡിഎഫ് നിലനിർത്തി.
