റൈസിംങ് സ്റ്റാർസ് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ തകർപ്പൻ ഫോം തുടരുന്ന ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി, തന്റെ മാതാപിതാക്കളെക്കുറിച്ച് പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. യു.എ.ഇക്കെതിരെ റെക്കോർഡ് സെഞ്ച്വറിയും പാകിസ്ഥാനെതിരെ വെടിക്കെട്ട് പ്രകടനവും നടത്തിയതിന് പിന്നാലെയാണ് വൈഭവ് മനസ്സ് തുറന്നത്.
ബി.സി.സി.ഐ പങ്കുവെച്ച വീഡിയോയിലാണ് താരം ഇക്കാര്യം പറഞ്ഞത്. താൻ 200 റൺസ് നേടിയാൽ പോലും അച്ഛൻ തൃപ്തനാവില്ലെന്നും, എന്നാൽ അമ്മയാണ് തന്റെ ഏറ്റവും വലിയ പിന്തുണയെന്നും വൈഭവ് പറയുന്നു. “എന്റെ പ്രകടനത്തിൽ അച്ഛൻ ഒരിക്കലും തൃപ്തനല്ല. ഞാൻ 200 റൺസ് നേടിയാലും ‘എനിക്ക് പത്ത് റൺസ് കൂടി നേടാമായിരുന്നു’ എന്നായിരിക്കും അച്ഛൻ പറയുക. എന്നാൽ, സെഞ്ച്വറി നേടിയാലും ഡക്ക് ആയാലും ഞാൻ ബാറ്റ് ചെയ്യുന്നത് കാണുമ്പോൾ അമ്മ സന്തോഷിക്കും. ‘നന്നായി കളിക്കുന്നത് തുടരുക’ എന്ന് മാത്രമേ അമ്മ പറയൂ,” വൈഭവ് പറഞ്ഞു.
യു.എ.ഇ. സീനിയർ ടീമിനെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ വെറും 32 പന്തിൽ സെഞ്ച്വറി നേടി ഈ 14-കാരൻ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. 42 പന്തിൽ 144 റൺസ് നേടിയാണ് താരം പുറത്തായത്. പാകിസ്താനെതിരെയും താരം വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത് 28 പന്തിൽ മൂന്ന് സിക്സറുകളും അഞ്ച് ഫോറുകളും അടക്കം 45 റൺസ് നേടിയിരുന്നു.
