കൊച്ചി: കൊച്ചി തീരത്ത് എംഎസ് സി എൽസ-3 കപ്പൽ മുങ്ങിയതിനെത്തുടർന്നുണ്ടായ പാരിസ്ഥിതികവും സാമ്പത്തികവുമായ ആഘാതങ്ങൾക്ക് നഷ്ടപരിഹാരമായി 1227.62 കോടി രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി കെട്ടിവെക്കാൻ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയോട് (MSC) കേരള ഹൈക്കോടതി നിർദ്ദേശിച്ചു. സംസ്ഥാന സർക്കാർ സമർപ്പിച്ച അഡ്മിറാലിറ്റി സ്യൂട്ടിൽ ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീമാണ് ഈ സുപ്രധാന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ സർക്കാർ ആവശ്യപ്പെട്ടിരുന്ന ഭീമമായ തുകയിൽ കോടതി ഭേദഗതി വരുത്തുകയായിരുന്നു.
കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ കടൽ മലിനീകരണം, മത്സ്യത്തൊഴിലാളികൾക്കുണ്ടായ ഉപജീവന നഷ്ടം, തീരദേശത്തെ പാരിസ്ഥിതിക ആഘാതം എന്നിവ കണക്കിലെടുത്ത് 9531 കോടി രൂപയാണ് സംസ്ഥാന സർക്കാർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇത്രയും ഉയർന്ന തുക കെട്ടിവെക്കണമെന്ന വാദത്തെ കമ്പനി കോടതിയിൽ എതിർത്തു. സർക്കാർ ഉന്നയിച്ച തുകയ്ക്ക് കൃത്യമായ ശാസ്ത്രീയ അടിത്തറയില്ലെന്ന് നിരീക്ഷിച്ച കോടതി, പ്രാഥമിക ഘട്ടത്തിൽ 1227.62 കോടി രൂപ കെട്ടിവെക്കുന്നത് നീതിയുക്തമാണെന്ന് വിലയിരുത്തുകയായിരുന്നു.
നഷ്ടപരിഹാര തുക കെട്ടിവെക്കുന്നതുവരെ കമ്പനിയുടെ മറ്റൊരു കപ്പലായ എംഎസ്സി അകിറ്റെറ്റ-2 വിട്ടുകൊടുക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കപ്പൽ മുങ്ങിയതിലൂടെ കടലിലുണ്ടായ എണ്ണച്ചോർച്ചയും ചരക്ക് കണ്ടെയ്നറുകളിൽ നിന്നുള്ള രാസവസ്തുക്കളും വലിയ തോതിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയതായി പരിസ്ഥിതി വകുപ്പ് കോടതിയെ അറിയിച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ശാസ്ത്രീയ പഠന റിപ്പോർട്ടുകൾ കൂടി പരിഗണിച്ച ശേഷമാകും നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.
