Home » Blog » Top News » ഉത്സവം; സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി
SAKTHIKULANGARA

ശക്തികുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ജനുവരി 27 മുതല്‍ ഫെബ്രുവരി 5 വരെ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ എ.ഡി.എം ജി. നിര്‍മല്‍കുമാര്‍ വിലയിരുത്തി. എഴുന്നള്ളത്ത് സമയങ്ങളില്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലംവേണം. ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം.

എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ ആന എഴുന്നള്ളത്ത് റൂട്ടില്‍ എലിഫന്റ് സ്‌ക്വാഡുകളെ നിയോഗിക്കണം. ആനയുടെ അടുത്ത് പോപ്പറുകള്‍, പടക്കം തുടങ്ങിയവ ഉപയോഗിക്കരുത്. ആനകളുടെ പൂര്‍ണവിവരങ്ങള്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന് സംഘാടകര്‍ കൈമാറണം. ഒരാനയ്ക്ക് മൂന്ന് പാപ്പാ•ാരെ നിയോഗിക്കണം.

ഗതാഗതനിയന്ത്രണം, ക്രമസമാധാനപരിപാലനം പോലീസിന്റെ ചുമതലയാണ്. സമ്പൂര്‍ണ ഹരിതചട്ടപാലനം ഉറപ്പാക്കേണ്ടത് ശുചിത്വ മിഷനും. കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍. ഉത്സവശേഷം അജൈവമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ ഏജന്‍സികള്‍ക്ക് കൈമാറും. ജൈവ മാലിന്യങ്ങള്‍ കൃത്യമായി സംസ്‌കരിക്കും.

ആംബുലന്‍സ് സേവനവും പ്രഥമശുശ്രൂഷാ സംവിധാനവും സജ്ജമാക്കും. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പരിശോധന നടത്തി അഞ്ച് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മദ്യം, നിരോധിത ലഹരി ഉത്പന്നങ്ങള്‍ എന്നിവയുടെ വില്‍പന തടയുന്നതിന് പ്രത്യേക പട്രോളിങ് ടീമുകളെ രൂപീകരിച്ചു.

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ചവറ, കരുനാഗപ്പള്ളി ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിലെ പ്രത്യേക സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. അടിയന്തരഘട്ടങ്ങളില്‍ അഗ്നിരക്ഷാവകുപ്പിന്റെ വാഹനങ്ങള്‍, ആംബുലന്‍സുകള്‍ എന്നിവയ്ക്ക് സുഗമമായി സഞ്ചരിക്കാന്‍ പ്രത്യേക പാത ഒരുക്കും. പൊതുമരാമത്ത് വകുപ്പ്, ദേശീയപാത, റോഡ് ട്രാന്‍സ്‌പോര്‍ട്ട്, പോലീസ് സംയുക്തമായി ആല്‍ത്തറ ജംഗ്ഷന്‍ മുതല്‍ വള്ളികീഴ് വരെയുള്ള റോഡുകളുടെ സ്ഥിതി പരിശോധിച്ചു. ക്ഷേത്രഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.