passenger airplane A320 isolated on white background
ഇൻഡിഗോ വിമാന സർവീസുകളിലുണ്ടായ പ്രതിസന്ധി ഏഴാം ദിവസവും തുടരുകയാണ്. പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ ഇന്നും റദ്ദാക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. വിമാനങ്ങൾ വൈകിയതിനും റദ്ദാക്കിയതിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഇൻഡിഗോ സിഇഒ ഇന്ന് വൈകുന്നേരം 6 മണിക്കകം മറുപടി നൽകണം. ഇതിനുള്ള സമയം ഡിജിസിഎ നീട്ടി നൽകിയിട്ടുണ്ട്. പ്രതിസന്ധി രൂക്ഷമായതോടെ ഇതുവരെ റദ്ദാക്കിയ ടിക്കറ്റുകൾക്ക് 610 കോടി രൂപയുടെ റീഫണ്ട് നൽകിയതായി ഇൻഡിഗോ അറിയിച്ചു. കൂടാതെ, കുടുങ്ങിക്കിടന്ന 3000-ത്തോളം ബാഗേജുകൾ യാത്രക്കാർക്ക് തിരികെ എത്തിച്ചു നൽകുകയും ചെയ്തു.
അതേസമയം വിമാന സർവീസുകളിലെ ഈ തുടർച്ചയായ പ്രതിസന്ധി ഇന്ന് പാർലമെന്റിൽ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഇൻഡിഗോയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഈ സാഹചര്യം കമ്പനിക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഡിജിസിഎയുടെ നടപടികളും സിഇഒ നൽകുന്ന മറുപടിയും നിർണായകമാകും. വരും ദിവസങ്ങളിൽ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്തുമോ എന്നതാണ് യാത്രക്കാർ ഉറ്റുനോക്കുന്നത്.
