വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി യാത്രക്കാരെ ദുരിതത്തിലാക്കിയ ഇൻഡിഗോ എയർലൈൻസിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയം കർശന നടപടിയെടുക്കുന്നു. ഇൻഡിഗോയുടെ ശൈത്യകാല സർവീസുകൾ വെട്ടിച്ചുരുക്കി മറ്റ് വിമാനക്കമ്പനികൾക്ക് കൈമാറുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു വ്യക്തമാക്കി.
സർവീസുകൾ കൈമാറാൻ തീരുമാനം
സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് മന്ത്രാലയം കഴിഞ്ഞ ദിവസം ഉന്നതതല യോഗം വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിനു ശേഷമാണ് ഇൻഡിഗോയുടെ സർവീസുകൾ മറ്റ് എയർലൈനുകൾക്ക് നൽകാൻ തീരുമാനമായത്. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും തീരുമാനമായിട്ടുണ്ട്.
വിവിധ റൂട്ടുകളിലെ റദ്ദാക്കിയ വിമാനങ്ങളുടെ കണക്കുകൾ പ്രകാരം, ചൊവ്വാഴ്ച രാവിലെ വരെ ലഖ്നൗവിലേക്കും തിരിച്ചുമുള്ള 26 വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്. കൂടാതെ, ബെംഗളൂരുവിൽ 121, ചെന്നൈയിൽ 81, ഹൈദരാബാദിൽ 58, അഹമ്മദാബാദിൽ 16 എന്നിങ്ങനെയാണ് റദ്ദാക്കിയ മറ്റ് വിമാനങ്ങളുടെ എണ്ണം.
ലഗേജ് പ്രശ്‌നത്തിനും പരിഹാരം
വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരുടെ ലഗേജ് സംബന്ധിച്ച പ്രശ്നത്തിലും മന്ത്രി വിശദീകരണം നൽകി. കുടുങ്ങിയ 9,000-ത്തോളം യാത്രാ ബാഗുകളിൽ 6,000-ത്തോളം എണ്ണം യാത്രക്കാരുടെ കൈകളിൽ എത്തിച്ചെന്നും ബാക്കിയുള്ളവ ഉടൻ എത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
