Home » Top News » Kerala » ഇനി ശ്രെദ്ധിച്ചില്ലേൽ പണി കിട്ടും; സീബ്രാ ക്രോസ്സിൽ ഡ്രൈവർമാർ ചെയ്യേണ്ട 8 കാര്യങ്ങൾ ഇതാണ്
b1f660cca031285f76a817b5d348cb1dd68cbe01f98e637419cb5cfea8c60337.0

റോഡിൽ വാഹനങ്ങൾക്കാണോ കാൽനടയാത്രക്കാർക്കാണോ മുൻഗണന? ഡ്രൈവിംഗ് ലൈസൻസ് എടുക്കുമ്പോൾ എല്ലാവരും പഠിക്കുന്ന ഒരു സത്യമുണ്ട്, റോഡിലെ മുൻഗണന എപ്പോഴും കാൽനടയാത്രക്കാർക്കാണ്. എന്നാൽ പല ഡ്രൈവർമാരും സീബ്രാ ക്രോസിംഗിൽ പോലും വാഹനം കയറ്റി നിർത്തി ഈ നിയമം ലംഘിക്കുന്നത് പതിവാണ്.

ഇത്തരക്കാർക്ക് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്. സീബ്രാ ക്രോസ്സിൽ ഡ്രൈവർമാർ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പോലീസ് വിശദീകരിച്ചത്.

സീബ്രാ ക്രോസ്സിൽ ഡ്രൈവർമാർ ചെയ്യേണ്ട 8 കാര്യങ്ങൾ

നിർത്തേണ്ട സ്ഥലം: സീബ്രാ ക്രോസ്സ് സൂചിപ്പിക്കുന്ന റോഡ് സിഗ്നൽ കണ്ടാൽ വേഗം കുറച്ച്, സീബ്രാ ക്രോസ്സിന് മുമ്പായി നൽകിയിട്ടുള്ള റോഡ് മാർക്കിംഗിൽ റോഡിന് ഇടതുവശം ചേർത്ത് വാഹനം നിർത്തണം.

മുൻഗണന: ക്രോസ്സിംഗിലൂടെ റോഡ് മുറിച്ചുകടക്കാൻ വരുന്ന കാൽനടക്കാരെയും വീൽചെയറിൽ പോകുന്നവരെയും മറ്റും ആദ്യം കടന്നുപോകാൻ അനുവദിക്കുക.

മുന്നോട്ട് എടുക്കാം: ക്രോസ്സിംഗിൽ ആരും തന്നെ ഇല്ലെങ്കിൽ മാത്രമേ വാഹനം മുന്നോട്ട് എടുക്കാൻ പാടുള്ളൂ.

സ്റ്റോപ്പ് ലൈൻ: ട്രാഫിക് കൺട്രോൾ സിഗ്നൽ ഉള്ള ഇടങ്ങളിൽ സ്റ്റോപ്പ് ലൈനിനു പിറകിലായി മാത്രമേ വാഹനം നിർത്താവൂ. സ്റ്റോപ്പ് ലൈൻ മാർക്ക് ചെയ്തിട്ടില്ലെങ്കിലോ അത് മാഞ്ഞുപോയിട്ടുണ്ടെങ്കിലോ, പെഡസ്ട്രിയൻ ക്രോസിങിനു പിറകിലായി മാത്രം നിർത്തുക.

മാർക്കിംഗ് ഇല്ലെങ്കിൽ: പെഡസ്ട്രിയൻ ക്രോസിങ്ങ് അടയാളപ്പെടുത്തിയിട്ടില്ല എങ്കിൽ വാഹനം പ്രൈമറി ട്രാഫിക് സിഗ്നലിൽ നിർത്തിയിടണം.

ഗ്രീൻ സിഗ്നലും ശ്രദ്ധ: ഗ്രീൻ സിഗ്നൽ ഓൺ ആയാൽ പോലും, പെഡസ്ട്രിയൻ ക്രോസിംഗിൽ ആരും ഇല്ലെങ്കിൽ മാത്രമേ വാഹനം മുന്നോട്ട് എടുക്കാൻ പാടുള്ളൂ.

‘ഗിവ് വേ’ അടയാളം: “Give Way” അടയാളത്തിന് മുമ്പായി പെഡസ്ട്രിയൻ ക്രോസ്സിംഗ് ഇല്ലെങ്കിൽ പോലും അവിടെ കാൽനടയാത്രക്കാർക്കാണ് മുൻഗണന.

ട്രാഫിക് ബ്ലോക്ക്: വാഹനം മുന്നോട്ട് എടുക്കാനാവാത്ത വിധം റോഡിൽ ട്രാഫിക് ബ്ലോക്കിൽ പെട്ടാൽ യാതൊരു കാരണവശാലും പെഡസ്ട്രിയൻ ക്രോസ്സിംഗിൽ നിർത്തിയിടരുത്. ഈ നിയമങ്ങൾ പാലിക്കുന്നത് റോഡപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പോലീസ് ഓർമ്മിപ്പിക്കുന്നു.