Home » Blog » Kerala » ഇനി ധൈര്യമായി കഴിക്കാം; പാചകപ്പുരകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ റെയിൽവേ
Railways_to_dis19885

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് ഇനി ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കാം. റെയിൽവേ ഭക്ഷണത്തിന്റെ ശുചിത്വം പരിശോധിക്കാൻ പാചകപ്പുരകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ റെയിൽവേ തീരുമാനിച്ചു. യാത്രക്കാരുടെ പരാതികൾ വർദ്ധിച്ച സാഹചര്യത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി ഉന്നയിച്ച ആവശ്യത്തിനാണ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് മറുപടി നൽകിയത്.

ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലം, സാധനങ്ങൾ സൂക്ഷിക്കുന്ന സ്റ്റോർ റൂം, പാചകത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഇനി സിസിടിവി നിരീക്ഷണത്തിലായിരിക്കും. ഇതിലൂടെ പാചകപ്പുരയിലെ ഓരോ നീക്കവും റെക്കോർഡ് ചെയ്യാനും ഭക്ഷണത്തിന്റെ അളവും ഗുണമേന്മയും ഉറപ്പുവരുത്താനും സാധിക്കും. പരിശോധനകളിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കാൻ ഐആർസിടിസിക്കും (IRCTC) ബന്ധപ്പെട്ട ഡിവിഷനുകൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഭക്ഷണത്തിന് പുറമെ ട്രെയിനുകളുടെ സമയക്രമം പാലിക്കുന്നതിനും റെയിൽവേ പ്രത്യേക നടപടികൾ സ്വീകരിച്ചു. അനുവദനീയമായ പരമാവധി വേഗത്തിൽ ട്രെയിനുകൾ ഓടിക്കാൻ ലോക്കോപൈലറ്റുമാർക്ക് നിർദ്ദേശം നൽകി. കൊല്ലം ജില്ലയിലെ ആര്യങ്കാവ്, ചന്ദനത്തോപ്പ്, ഇടമൺ, ന്യൂ ആര്യങ്കാവ് എന്നീ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളുടെ നീളം കൂട്ടാനും ഇടപ്പാളയത്ത് പ്ലാറ്റ്‌ഫോമിന്റെ ഉയരം കൂട്ടാനുമുള്ള അനുമതിയും ദക്ഷിണ റെയിൽവേ നൽകിയിട്ടുണ്ട്.